അല്ലു അര്‍ജുന്‍ തീയറ്ററില്‍ എത്തുന്ന കാര്യം അറിയിച്ചില്ലെന്ന പൊലിസ് വാദം പൊളിയുന്നു; സംരക്ഷണം ഉറപ്പാക്കണം എന്ന് കത്ത് നല്‍കി
അല്ലു അര്‍ജുന്‍ തീയറ്ററില്‍ എത്തുന്ന കാര്യം കൃത്യമായി അറിയിച്ചില്ലെന്നാണ് പൊലിസ് വാദം പൊളിയുന്നു. മതിയായ സംരക്ഷണം ഉറപ്പാക്കണം എന്ന് ചിക്കട് പള്ളി പോലീസിന് അപേക്ഷ നല്‍കിയിരുന്നുവെന്ന് തിയറ്റര്‍ അധികൃതര്‍ വ്യക്തമാക്കി. താരങ്ങളും സിനിമയുടെ അണിയറ പ്രവര്‍ത്തകരും തിയറ്ററില്‍ എത്തുമെന്ന് കാണിച്ച് ഡിസംബര്‍ രണ്ടിനാണ് അപേക്ഷ നല്‍കിയത്.
പുഷ്പ 2 റിലീസ് ദിവസത്തെ പ്രത്യേക പ്രദര്‍ശനത്തിനിടെ തീയേറ്ററിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തില്‍ നടന്‍ അല്ലു അര്‍ജുനെ അറസ്റ്റ് ചെയ്തിരുന്നു. ജാമ്യമില്ലാ വകുപ്പുകളാണ് നടനെതിരെ് ചുമത്തിയിരിക്കുന്നത്. ഭാരതീയ ന്യായ സംഹിതയിലെ 105,118(1) വകുപ്പുകള്‍ ആണ് ചുമത്തിയത്. 5 മുതല്‍ 10 വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണിത്. ജൂബിലി ഹില്‍സിലെ അല്ലുവിന്റെ വീട്ടിലെത്തിയാണ് ഹൈദരാബാദ് പൊലീസ് അറസ്റ്റ് ചെയ്തത്. പിന്നീട് ചിക്കടപ്പള്ളി പൊലീസ് സ്റ്റേഷനിലേക്ക് മാറ്റുകയായിരുന്നു. ഇക്കഴിഞ്ഞ ഡിസംബര്‍ നാലാം തീയതി ഹൈദരാബാദിലെ സന്ധ്യ തീയേറ്ററിലായിരുന്നു സംഭവം നടന്നത്.
ഹൈദരാബാദ് ദില്‍ഷുക്‌നഗര്‍ സ്വദേശിനി രേവതിയാണ് തിയേറ്ററിലെ തിക്കിലും തിരക്കിലും പെട്ട് മരിച്ചത്. മരിച്ച സ്ത്രീയുടെ കുടുംബത്തിന് 25 ലക്ഷം രൂപ അല്ലു അര്‍ജുന്‍ നേരത്തെ ധനസഹായം പ്രഖ്യാപിച്ചിരുന്നു. നേരത്തെ പൊലീസ് മൂന്നുപേരെ അറസ്റ്റ് ചെയ്തിരുന്നു. തിയേറ്ററിന്റെ ഉടമകളില്‍ ഒരാള്‍, സീനിയര്‍ മാനേജര്‍, ലോവര്‍ ബാല്‍ക്കണിയിലെ സുരക്ഷ ജീവനക്കാരന്‍ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.