Wednesday, February 5, 2025
KeralaTop News

‘പിണറായി വിജയൻ ഇന്ത്യയിലെ ഭരണപാടവമുള്ള മുഖ്യമന്ത്രി’; പുകഴ്ത്തി എം.കെ സ്റ്റാലിൻ

Spread the love

കേരളത്തിനും പിണറായി വിജയനും നന്ദി പറഞ്ഞ് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. പിണറായി വിജയൻ ഇന്ത്യയിലെ ഭരണപാടവമുള്ള മുഖ്യമന്ത്രിയാണെന്നും അദ്ദേഹം പറഞ്ഞു. പെരിയാർ രാമസ്വാമി സ്മാരകം ഉദ്ഘാടനം ചെയ്തതിന് ശേഷം വൈക്കം ബീച്ച് മൈതാനത്ത് നടക്കുന്ന സമ്മേളനത്തിനിടെയാണ് അദ്ദേഹത്തിന്റെ പരാമർശം. വൈക്കം സത്യാഗ്രഹം കേരളത്തിന്റെ മാത്രം പോരാട്ടം അല്ല ഇന്ത്യയിലെ സാമൂഹിക അനീതിക്കെതിരെയുള്ള പോരാട്ടത്തിന്റെ തുടക്കമായിരുന്നുവെന്നും എം.കെ സ്റ്റാലിൻ പറഞ്ഞു. ഇത് പെരിയാറിന്റെ വിജയമാണെന്നും മുഖ്യമന്ത്രി എന്ന നിലയിൽ അഭിമാന നിമിഷമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പിണറായി വിജയനും തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും ചേർന്നാണ് പെരിയാർ രാമസ്വാമി സ്മാരകം ഉദ്ഘാടനം ചെയ്തത്. വൈക്കം വലിയ കവലയിലാണ് നവീകരിച്ച തന്തൈ പെരിയാർ രാമസ്വാമി സ്മാരകം ഉദ്ഘാടനം ചെയ്തത്. കേരള മന്ത്രിമാരായ വി എൻ വാസവൻ, സജി ചെറിയാൻ എന്നിവരും തമിഴ്നാട് മന്ത്രിമാരായ എ വി വേലു , ദുരൈമുരുകൻ, എം പി സ്വാമിനാഥൻ , ദ്രാവിഡ കഴകം അധ്യക്ഷൻ കെ വീരമണിയും ചടങ്ങിൽ പങ്കെടുത്തു. വൈക്കത്തുള്ള സ്മാരകം എട്ടരക്കോടി രൂപ മുടക്കിയാണ് തമിഴ്നാട് സർക്കാർ നവീകരിച്ചത്. വൈക്കം സത്യാഗ്രഹത്തിന്റെ നൂറാം വാർഷികത്തോട് അനുബന്ധിച്ചായിരുന്നു നവീകരണം

വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനത്തിനായി 2023 ഏപ്രിൽ 1 ന് ഇരു മുഖ്യമന്ത്രിമാരും വൈക്കത്ത് എത്തിയിരുന്നു. തമിഴ്നാട്ടിൽ നിന്നെത്തി വൈക്കം സത്യഗ്രഹത്തിന്റെ മുന്നണിപ്പോരാളിയായ സാമൂഹിക പരിഷ്കർത്താവും ദ്രാവിഡ രാഷ്ട്രീയ ആചാര്യനുമായ തന്തൈ പെരിയാറിന്റെ സ്മാരകം നവീകരിക്കുമെന്ന് 2023 ലെ ഉദ്ഘാടന വേദിയിലാണ് സ്റ്റാലിൻ പ്രഖ്യാപിച്ചത്. വൈക്കം വലിയ കവലയിൽ 84 സെന്റിലാണ് തന്തൈ പെരിയാർ സ്മാരകം സ്ഥിതി ചെയ്യുന്നത്. പെരിയാറിന്റെ പ്രതിമ, മ്യൂസിയം, ലൈബ്രറി എന്നിവയാണ് ഇവിടെയുള്ളത്.

വൈക്കം സത്യഗ്രഹത്തിൽ നിർണായക പങ്ക് വഹിച്ചയാളാണ് തന്തൈ പെരിയാർ. ടി കെ മാധവനും കെ പി കേശവമേനോനും ബാരിസ്റ്റർ ജോർജ് ജോസഫും അടക്കമുള്ള മുൻനിര നേതാക്കൾ അറസ്റ്റിലായപ്പോൾ തന്തൈ പെരിയാറായിരുന്നു വൈക്കം സത്യഗ്രഹത്തിന് നേതൃത്വം നൽകിയത്.