National

ജനസംഖ്യാനുപാതികമായി മെഡിക്കൽ സീറ്റുകൾ; പ്രതിഷേധവുമായി ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ

Spread the love

ജനസംഖ്യയുടെ അടിസ്ഥാനത്തിൽ മെഡിക്കൽ സീറ്റുകൾ അനുവദിക്കാനുള്ള തിരുമാനത്തിനെതിരെ പ്രതിഷേധവുമായി ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ. ഓരോ സംസ്ഥാനത്തെയും 10 ലക്ഷം പേർക്ക് 100 മെഡിക്കൽ സീറ്റ് മതിയെന്നാണ്‌ മെഡിക്കൽ കമ്മീഷൻ വിജ്ഞാപനം. ഇത് നടപ്പായാൽ കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങൾക്ക് വൻ നഷ്ടമുണ്ടാക്കുമെന്നാണ് പരാതി.

അടുത്ത അധ്യയന വർഷം മുതൽ പുതിയ സീറ്റ് മാനദണ്ഡം നിലവിൽ വരും. മെഡിക്കൽ കമ്മിഷന്റെ പുതിയ മാനദണ്ഡങ്ങൾ പാലിച്ചാൽ കേരളത്തിലെ എംബിബിഎസ് സീറ്റുകളുടെ എണ്ണം 3500 ആയി ചുരുങ്ങും. നിലവിൽ കേരളത്തിൽ 4655 എംബിബിഎസ് സീറ്റുകളാണുള്ളത്. തമിഴ്നാട്ടിൽ 11600 എംബിബിഎസ് സീറ്റുകൾ 7600 ആയി കുറയും. കർണാടകയിൽ ഇത് 11,695 നിന്ന് 6,700 ആകും.

പുതിയ മെഡിക്കൽ കോളജുകൾക്കുള്ള കേരളത്തിന്റെ യോഗ്യതയും പുതിയ മാനദണ്ഡങ്ങൾ ഇല്ലാതാക്കും. 10 ലക്ഷം ജനസംഖ്യയിൽ 100 എംബിബിഎസ് സീറ്റുകൾ എന്ന നിലയിൽ മെഡിക്കൽ സീറ്റുകൾ ക്രമപ്പെടുത്തുന്നത്‌ ആരോഗ്യ താൽപര്യങ്ങൾക്ക് തിരിച്ചടിയാകുമെന്ന് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ ആരോപിക്കുന്നു. ജനസംഖ്യാ നിയന്ത്രണത്തിലും സാമൂഹിക സൂചികകളിലും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ കൈവരിച്ച നേട്ടങ്ങൾ ആരോഗ്യമേഖലയിലുൾപ്പെടെ തെറ്റായി പരിഗണിക്കപ്പെടുന്നതായി സംസ്ഥാനങ്ങൾ.