എന്‍ ശിവരാജന്റെ വിമര്‍ശനങ്ങള്‍ ഉള്‍ക്കൊള്ളുന്നു, തെറ്റുണ്ടെങ്കില്‍ തിരുത്തും’; സി കൃഷ്ണകുമാര്‍
ബിജെപി ദേശീയ കൗണ്‍സില്‍ അംഗം എന്‍ ശിവരാജന്‍ ഉന്നയിച്ച വിമര്‍ശനങ്ങളില്‍ പ്രതികരണവുമായി സി കൃഷ്ണകുമാര്‍. തന്നെ കുറിച്ചെന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ അത് ഉള്‍ക്കൊള്ളുന്നുവെന്നും തന്റെ ഭാഗത്ത് തെറ്റുണ്ടെങ്കില്‍ തിരുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടെങ്കില്‍ സംസാരിച്ച് പരിഹരിക്കുക എന്നതാണ് പാര്‍ട്ടിയുടെ രീതി എന്നും അദ്ദേഹം പറഞ്ഞു. ശിവരാജനെതിരെ നടപടിയെടുക്കണമെന്ന് തനിക്ക് ആഗ്രഹമില്ലെന്നും അദ്ദേഹം വ്യക്തമാക്കി
2019ല്‍ പാലക്കാട് മണ്ഡലത്തിലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 44000 വോട്ട് എം ബി രാജേഷിന് കിട്ടി. 2006ല്‍ സി കെ ദിവാകരന്‍ സിപിഐഎമ്മിന്റെ എംഎല്‍എ ആയിരുന്നു. 42400 വോട്ട് കിട്ടിയിട്ടാണ് അദ്ദേഹം വിജയിച്ചത്. ഇപ്പോള്‍ കിട്ടിയത് 37000 വോട്ടാണ്. നിങ്ങള്‍ സിപിഐഎം മുന്നേറ്റം നടത്തി എന്നു പറയുന്നു. സിപിഐഎമ്മിന്റെ 7000 വോട്ടെവിടെപ്പോയി. അതാരും ചര്‍ച്ച ചെയ്യുന്നില്ല. ഷാഫി പറമ്പിലിന് 2016ല്‍ കിട്ടിയ വോട്ടാണ് 58000. ആ വോട്ട് തന്നെയാണ് യുഡിഎഫിന് ഇപ്പോള്‍ കിട്ടിയിരിക്കുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ ഒരു വിഭാഗം നിഷ്പക്ഷ വോട്ടുകള്‍ ഞങ്ങള്‍ക്ക് ലഭിച്ചു. അതാണ് 50000 വോട്ടെത്താന്‍ കഴിഞ്ഞത്. ഇ ശ്രീധരന്റെ വ്യക്തിപ്രഭാവവും വോട്ടായി. 40000 ആണ് ഞങ്ങളുടെ അടിസ്ഥാന വോട്ട്. വളരെ ശക്തമായ ത്രികോണ മത്സരം ഒരു ഉപതെരഞ്ഞെടുപ്പില്‍ നടക്കുന്ന സമയത്ത് ഇത്തരം അധിക വോട്ടുകള്‍ ലഭിച്ചില്ല. അതെന്താണെന്ന് കണ്ടെത്തും – അദ്ദേഹം വ്യക്തമാക്കി.
പാല്‍ സൊസൈറ്റി ഇലക്ഷനില്‍ പോലും വിജയിക്കാന്‍ കഴിയാത്തയാളാണ് രഘുനാഥെന്നാണ് എന്‍ ശിവരാജന്‍ വിമര്‍ശിച്ചത്. കൗണ്‍സിലര്‍മാരെ പഠിപ്പിക്കാന്‍ രഘുനാഥ് വളര്‍ന്നിട്ടില്ലെന്ന അദ്ദേഹം പറഞ്ഞു. കൃഷ്ണകുമാര്‍ മാത്രമേ മത്സരിക്കാനുള്ളോ എന്ന് ജനങ്ങള്‍ ചോദിക്കുന്നത് സത്യമെന്ന് എന്‍ ശിവരാജന്‍ പറഞ്ഞു. മിനി കൃഷ്ണകുമാറിനെയും എന്‍ ശിവരാജന്‍ വിമര്‍ശിച്ചു. മിനി കൃഷ്ണകുമാറിന്റെ വാര്‍ഡില്‍ ഇന്നോളം കിട്ടിയിട്ടില്ലാത്ത വോട്ടുകളാണ് കോണ്‍ഗ്രസിന് ലഭിച്ചത്. സിപിഐഎമ്മിനും വോട്ട് ഉയര്‍ന്നു, ആരാണ് ഇതിന്റെ ഉത്തരവാദികളെന്ന് അദ്ദേഹം ചോദിച്ചു. നഗരസഭാധ്യക്ഷ പറഞ്ഞ കാര്യം സത്യമെന്നും അദ്ദേഹം പറഞ്ഞു.