SportsTop News

‘കിംഗ് ഈസ് ബാക്ക്’ കോലിക്ക് സെഞ്ച്വറി, പെർത്ത് ടെസ്റ്റ് ലീഡ് 500 കടന്ന് ഇന്ത്യ

Spread the love

പെര്‍ത്ത് ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ കൂറ്റന്‍ ലീഡിലേക്ക്. ലീഡ് 500 കടന്ന് ഇന്ത്യ. നിലവിൽ ഇന്ത്യയ്ക്ക് 533 റൺസിന്റെ ലീഡ് ഉണ്ട്. 100റൺസുമായി വിരാട് കോലിയും 38 റൺസുമായി നിതീഷ് കുമാർ റെഡ്‌ഡിയുമാണ് ക്രീസിൽ.

കെ എല്‍ രാഹുല്‍, ദേവ്ദത്ത് പടിക്കല്‍, യശസ്വി ജയ്സ്വാള്‍, റിഷഭ് പന്ത്, ധ്രുവ് ജുറെല്‍,വാഷിംഗ്‌ടൺ സുന്ദർ എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്.ആദ്യ സെഷനില്‍ 77 റണ്‍സെടുത്ത കെ എല്‍ രാഹുലിന്‍റെ മാത്രം വിക്കറ്റ് നഷ്ടമായ ഇന്ത്യക്ക് രണ്ടാം സെഷനിലെ ആദ്യ പന്തില്‍ തന്നെ മലയാളി താരം ദേവ്ദത്ത് പടിക്കലിനെ(25) നഷ്ടമായിരുന്നു.
ജോഷ് ഹേസല്‍വുഡാണ് പടിക്കലിന സ്ലിപ്പില്‍ സ്റ്റീവ് സ്മിത്തിന്‍റെ കൈകളിലെത്തിച്ചത്. കോലിയും യശസ്വി ജയ്സ്വാളും ചേര്‍ന്ന് ഇന്ത്യയെ 300 കടത്തിയതിന് പിന്നാലെ 161 റണ്‍സെടുത്ത ജയ്സ്വാളിനെ മിച്ചല്‍ മാര്‍ഷ് പുറത്താക്കി.പിന്നീട് ഇന്ത്യക്ക് എട്ട് റണ്‍സ് കൂടി എടുക്കുന്നതിനിടെ റിഷഭ് പന്തിന്‍റെയും ധ്രുവ് ജുറെലിന്‍റെയും വിക്കറ്റുകള്‍ നഷ്ടമായി.

നേരത്തെ ആദ്യ സെഷനില്‍ 201 റണ്‍സിന്‍റെ ഓപ്പണിംഗ് കൂട്ടുകെട്ടിനൊടുവില്‍ കെ എല്‍ രാഹുലിനെ പുറത്താക്കിയ മിച്ചല്‍ സ്റ്റാര്‍ക്കാണ് ഓസീസിന് ആദ്യ ബ്രേക്ക് ത്രൂ സമ്മാനിച്ചത്. ഓസ്ട്രേലിയക്കായി സ്റ്റാര്‍ക്കും കമിന്‍സും മാര്‍ഷും ഹേസല്‍വുഡും ലിയോണും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

അതേസമയം സെഞ്ചുറി നേടിയതോടെ ഇന്ത്യൻ യുവതാരം യശസ്വി ജയ്സ്വാള്‍ സ്വന്തമാക്കിയത് ഒരുപിടി റെക്കോര്‍ഡുക‌ലാണ്. ഓസ്ട്രേലിയയിലെ തന്‍റെ അരങ്ങേറ്റ ടെസ്റ്റില്‍ സെഞ്ചുറി നേടിയതിലൂടെ ഈ നേട്ടം സ്വന്തമാക്കുന്ന മൂന്നാമത്തെ മാത്രം ഇന്ത്യൻ താരമെന്ന റെക്കോര്‍ഡ് യശസ്വി സ്വന്തമാക്കി.

1968ല്‍ ബ്രിസ്ബേനില്‍ മോടാഗാൻഹള്ളി ജയ്‌സിംഹയും(101) 1977ല്‍ ബ്രിസ്ബേനില്‍ സുനില്‍ ഗവാസ്കറുമാണ്(113) ഓസ്ട്രേലിയയില്‍ അരങ്ങേറ്റ ടെസ്റ്റില്‍ ജയ്സ്വാളിന് മുമ്പ് സെഞ്ചുറി നേടിയിട്ടുള്ള ഇന്ത്യൻ താരങ്ങള്‍. പെര്‍ത്തില്‍ 2000നുശേഷം സെഞ്ചുറി നേടുന്ന രണ്ടാമത്തെ മാത്രം ഇന്ത്യൻ ബാറ്ററുമാണ് ജയ്സ്വാള്‍. 2018ല്‍ വിരാട് കോലിയാണ് ഈ നൂറ്റാണ്ടില്‍ പെര്‍ത്തില്‍ സെഞ്ചുറി നേടിയ മറ്റൊരു ഇന്ത്യൻ താരം.