‘യുഡിഎഫ് നല്ല ആത്മവിശ്വാസത്തിലാണ്, ഭൂരിപക്ഷത്തിൽ പാലക്കാട് സർവകാലറെക്കോർഡ് ലഭിക്കും’: ഷാഫി പറമ്പിൽ
പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് വൻ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് ഷാഫി പറമ്പിൽ എംപി. 12,000– 15,000 വരെ ഭൂരിപക്ഷം ലഭിക്കുമെന്ന് ഷാഫി മാധ്യമങ്ങളോട് പറഞ്ഞു. പാലക്കാട് യുഡിഎഫ് നല്ല ആത്മവിശ്വാസത്തിലാണ്, ഭൂരിപക്ഷത്തിൽ സർവകാലറെക്കോർഡ് ലഭിക്കും.
യുഡിഎഫ് ശക്തികേന്ദ്രത്തിൽ വോട്ട് കുറഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു.2021നെ അപേക്ഷിച്ചു നോക്കുമ്പോൾ പോളിങ് ശതമാനത്തിൽ വ്യത്യാസം വന്നിട്ടുണ്ട്. അത് പക്ഷേ ഇപ്പോൾ പ്രചരിക്കുന്നതു പോലെ ബിജെപി നഗരത്തിൽ കൂടുകയും പഞ്ചായത്തിൽ കുറയുകയും ചെയ്യുന്ന രീതിയല്ല.
ഒരുവിധ സ്ഥലങ്ങളിലൊക്കെ കുറവ് ഉണ്ടായിട്ടുണ്ട്. ചിലയിടത്ത് കൂടിയിട്ടുമുണ്ട്. നഗരത്തിലാണ് വോട്ട് കുറഞ്ഞത്. ബിജെപിയുടെ ശക്തികേന്ദ്രങ്ങളിൽ ഉൾപ്പെടെ വോട്ട് കുറഞ്ഞിട്ടുണ്ട്. ബിജെപിക്ക് ഏറ്റവും അധികം വോട്ട് പിരായിരിയിൽ ലഭിച്ചെന്ന് അവർ പറയുന്ന 2021ലെ തിരഞ്ഞെടുപ്പിൽ 26,015 വോട്ടാണ് പോൾ ചെയ്തത്. 25,000 വോട്ടാണ് ലോക്സഭയിൽ പോൾ 26,200 വോട്ടുകളാണ് ഈ തിരഞ്ഞെടുപ്പിൽ പോൾ ചെയ്തത്.
യുഡിഎഫ് ശക്തികേന്ദ്രമെന്ന് പറയുന്ന സ്ഥലത്ത് ഈ മൂന്നു തിരഞ്ഞെടുപ്പുകളിൽ ഏറ്റവും കൂടുതൽ വോട്ട് പോൾ ചെയ്തത് ഈ തിരഞ്ഞെടുപ്പിലാണ്.ഇനി അവരുടെ ശക്തികേന്ദ്രമെന്ന് പറയുന്ന വെസ്റ്റിൽ 16,223 വോട്ട് അന്നവർക്ക് ലഭിച്ചു. ഇപ്രാവശ്യം പോൾ ചെയ്തത് 15,930 വോട്ടാണ്.
കൽപാത്തിയിലെ ഒരു ബൂത്തിൽ 72 ബിജെപിക്കാർ വോട്ട് ചെയ്തില്ല. പാലക്കാടുനിന്ന് ഒരു എംഎൽഎ ഈ തിരഞ്ഞെടുപ്പിൽ നിയമസഭയിലേക്ക് പോകുമെങ്കിൽ അത് രാഹുൽ മാങ്കൂട്ടത്തിലാകും. അതിൽ ആർക്കും സംശയം വേണ്ട. അന്തിമ കണക്കുകൾ ലഭിക്കാത്തതിനാലാണ് പ്രതികരണം വൈകിയതെന്നും ഷാഫി പറഞ്ഞു.