സന്ദീപ് വാര്യർ ജിഫ്രി മുത്തുകോയ തങ്ങളെ കണ്ടത് തിരഞ്ഞെടുപ്പിന് വേണ്ടിയല്ല; എം എം ഹസൻ
സന്ദീപ് വാര്യർ സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങളെ കണ്ടത് ഇലക്ഷന് വേണ്ടി അല്ലെന്ന് വ്യക്തമാക്കി യുഡിഎഫ് കൺവീനർ എം എം ഹസൻ. സന്ദീപിന്റെ സന്ദർശനത്തിൽ പാണക്കാട് തങ്ങളെ രൂക്ഷമായി വിമർശിച്ച മുഖ്യമന്ത്രിക്ക് നേരെയും അദ്ദേഹം വിമർശനം ഉന്നയിച്ചു. പാണക്കാട് തങ്ങളെ സന്ദീപ് കണ്ടത് വർഗീയവൽക്കരിച്ച മുഖ്യമന്ത്രി എത്ര തവണ സമുദായ നേതാക്കളെ കണ്ടിട്ടുണ്ടെന്ന് അദ്ദേഹം ചോദിച്ചു. ജമാ അത്തെ ഇസ്ലാമി, പിഡിപി എന്നിവരുമായി സഖ്യം ഉണ്ടാക്കിയത് പിണറായി ആണ്. മുഖ്യമന്ത്രി ഭൂരിപക്ഷ വർഗീയതയെ പ്രോത്സാഹിപ്പിക്കുന്നുവെന്നും ബിജെപിയെ സുഖിപ്പിച്ച് എൽഡിഎഫിന് വോട്ട് നേടാൻ വേണ്ടിയുള്ള തന്ത്രമാണിതെന്നും എം എം ഹസൻ ആരോപിച്ചു.
എൽഡിഎഫിന്റെ പത്രപരസ്യ വിവാദത്തിലും ഹസൻ ആഞ്ഞടിക്കുകയുണ്ടായി. ചിലവ് കുറഞ്ഞ പത്രങ്ങളായത് കൊണ്ടാണ് പരസ്യം നൽകിയതെന്ന് പറയുന്ന സിപിഐഎം എന്തുകൊണ്ട് ദേശാഭിമാനിയിൽ നൽകിയില്ല.ഒരു സ്ഥാനാർത്ഥിയുടെ പരസ്യം സന്ദീപ് വാര്യർ മുസ്ലിം സമുദായത്തിന് എതിരെ പറഞ്ഞതിന് മറുപടി ആയല്ല കൊടുക്കേണ്ടത്. പാഷാണം വർക്കിയുടെ സ്വഭാവം ആണ് മുഖ്യമന്ത്രി കാണിക്കുന്നത്. സിപിഐഎം അധഃപതിച്ചു പോയെന്നും ഹസൻ വിമർശനം ഉന്നയിച്ചു. പാലക്കാട് തിരഞ്ഞെടുപ്പിൽ യുഡിഎഫ് ജയിച്ചുകൊണ്ടിരിക്കുകയാണെന്നും പോളിങ് ശതമാനം ഇരട്ടിയാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, സന്ദീപ് വാര്യയുടെ പാണക്കാട് സന്ദർശനം മുഖ്യമന്ത്രിയും ഇടതുപക്ഷവും വിവാദമാക്കിയെങ്കിലും രാഷ്ട്രീയമായിഗുണം ചെയ്തു എന്നാണ് കോൺഗ്രസിന്റെ വിലയിരുത്തൽ. പാണക്കാട് തങ്ങളും ലീഗും സന്ദീപിനെ ചേർത്തു പിടിച്ചതോടെ സന്ദീപിന്റെ മുൻ ന്യൂനപക്ഷ വിരുദ്ധ നിലപാടുകളോടുള്ള അവമതിപ്പ് ന്യൂനപക്ഷത്തിന് ഒരുപരിധിവരെ നീങ്ങി എന്നും കോൺഗ്രസ് കരുതുന്നു. ഇതോടെയാണ് പാലക്കാട്ടെ ന്യൂനപക്ഷ വോട്ട് കൂടി ലക്ഷ്യമിട്ട് തിരഞ്ഞെടുപ്പ് ദിനത്തിൽ സന്ദീപ് വാര്യർ ജിഫ്രി കുത്തുകോയ തങ്ങളെ വീട്ടിൽ എത്തി കണ്ടത്. ഭരണഘടനയുടെ കയ്യെഴുത്ത് പതിപ്പ് ജിഫ്രി തങ്ങൾക്ക് സന്ദീപ് കൈമാറി.ആത്മീയ രംഗത്ത് സൂര്യ തേജസ്സായി നില കൊള്ളുന്ന സംഘടനയാണ് സമസ്ത എന്ന് സന്ദീപ് വാര്യർ വ്യക്തമാക്കി. രാജ്യത്ത് നന്മ ചെയ്യുന്ന എല്ലാവരെയും സ്വീകരിക്കും എന്നായിരുന്നു ജിഫ്രി മുത്തുക്കോയ തങ്ങൾ സന്ദീപുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രതികരിച്ചത്.
എന്നാൽ തിരഞ്ഞെടുപ്പ് ദിവസം തന്നെ സന്ദീപ് വാര്യർ ജിഫ്രി മുത്തുക്കോയ തങ്ങളുടെ വീട്ടിൽ ചെന്നത് എന്തിനെന്ന് മന്ത്രി എംബി രാജേഷ് ചോദ്യമുയർത്തി. സന്ദീപിന്റെ സന്ദർശനത്തിൽ പാണക്കാട് തങ്ങളെ രൂക്ഷമായി വിമർശിച്ച മുഖ്യമന്ത്രിയും സിപിഐഎമ്മും ജിഫ്രി തങ്ങളെ വിമർശിക്കുമോ എന്നതാണ് ശ്രദ്ധേയം.