മണിപ്പൂർ സംഘർഷം: ബിരേൻ സിങ് സർക്കാരിനുള്ള പിന്തുണ പിൻവലിച്ച് NPP
മണിപ്പൂരിൽ വീണ്ടും സംഘർഷം കനത്തതോടെ ബിരേൻ സിങ് സർക്കാരിനുള്ള പിന്തുണ എൻപിപി പിൻവലിച്ചു. 7 എംഎൽഎമാരാണ് എൻപിപിക്ക് ഉള്ളത്. എന്നാൽ ബിജെപിക്ക് ഒറ്റയ്ക്ക് കേവലഭൂരിപക്ഷം ഉള്ളതിനാൽ സർക്കാറിന് ഭീഷണിയില്ല. സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ആഭ്യന്തരമന്ത്രി അമിത് ഷാ യുടെ നേതൃത്വത്തിൽ ഉന്നതല യോഗം ചേർന്നു. നാളെ വൈകിട്ട് വീണ്ടും യോഗം ചേരും.
മുഖ്യമന്ത്രി എൻ ബിരേൻ സിങ്ങിൻ്റെയും എംഎൽഎമാരുടെയും വീടുകൾക്ക് നേരെ പ്രതിഷേധക്കാർ ആക്രമണം നടത്തി. പ്രതിഷേധക്കാർക്ക് നേരെ സുരക്ഷാസേന കണ്ണീർവാതകം പ്രയോഗിച്ചു.സംഘർഷം തുടരുന്ന സാഹചര്യത്തിൽ അതീവ ജാഗ്രത നിർദ്ദേശം നൽകിയിരിക്കുകയാണ്. സിആർപിഎഫ് ഡയറക്ടർ ജനറൽ അനീഷ് ദയാൽ മണിപ്പൂരിലെത്തി. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ നിർദ്ദേശ പ്രകാരമാണ് സന്ദേശം. മണിപ്പൂരിൽ സമാധാനം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹിയിലും പ്രതിഷേധം ഉയർന്നു.
ജിരിബാമിൽ നിന്ന് വിഘടനവാദികൾ തട്ടിക്കൊണ്ടുപോയ കുഞ്ഞുങ്ങളെയും സ്ത്രീകളെയും കൊലപ്പെടുത്തിയതിന് പിന്നാലെയാണ് മണിപ്പൂർ വീണ്ടും സംഘർഷഭരിതമായത്. അഫ്സ്പ പുനഃസ്ഥാപിച്ച നടപടി പിൻവലിക്കണമെന്ന് മണിപ്പൂർ സർക്കാർ കേന്ദ്രത്തോട് ആവശ്യപ്പെട്ടു. സിആർപിഎഫ് ഡി ജി അനീഷ് ദയാൽ മണിപ്പൂരിലെത്തി. ഉന്നത ഉദ്യോഗസ്ഥരുമായി യോഗം ചേരും. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നിർദ്ദേശപ്രകാരമാണ് സന്ദർശനം.
തെരഞ്ഞെടുപ്പ് പരിപാടികൾ റദ്ദാക്കി അമിത് ഷായും ഡൽഹിയിലേക്ക് മടങ്ങി. മെയ്തെയ് വിഭാഗത്തിന് നേരെ നടക്കുന്ന ആക്രമണങ്ങളിൽ പ്രതിഷേധിച്ച് ഡൽഹി ജന്തർ മന്തറിലും മെയ്തെയ് അനുകൂല സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധം നടന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി മണിപ്പൂർ സന്ദർശിച്ച് സമാധാനം പുനഃ സ്ഥാപിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി ആവശ്യപ്പെട്ടു. മണിപ്പൂർ കത്തി എരിയണം എന്നാണ് ബിജെപിയുടെ ആഗ്രഹം എന്ന് കോൺഗ്രസ് ദേശീയ അദ്ധ്യക്ഷൻ മല്ലികാർജുൻ ഖർഗെ വിമർശിച്ചു.