‘പണവും രാഷ്ട്രീയ സ്വാധീനവും ഉപയോഗിച്ച് കേസ് അട്ടിമറിച്ചു’; പ്രതിപട്ടികയിൽ നിന്ന് നിവിൻ പോളിയെ ഒഴിവാക്കിയതിനെതിരെ പരാതിക്കാരി
പീഡന കേസിലെ പ്രതിപട്ടികയിൽ നിന്ന് നിവിൻ പോളിയെ ഒഴിവാക്കിയതിനെതിരെ പരാതിക്കാരി. പൊലീസ് അന്വേഷണം കൃത്യമായി നടന്നില്ലെന്നും പണവും രാഷ്ട്രീയ സ്വാധീനവും ഉപയോഗിച്ച് കേസ് അട്ടിമറിക്കാനുള്ള ശ്രമം നടന്നുവെന്നും പരാതിക്കാരി ആരോപിക്കുന്നു. സംഭവം നടന്ന ദിവസം നിവിൻ പോളി റൂമിൽ ഉണ്ടായിരുന്നുവെന്നും പരാതിക്കാരി ആവർത്തിച്ചു.
കോതമംഗലം സ്വദേശിനിയുടെ പരാതിയിലാണ് നിവിനെതിരെ കേസെടുത്തിരുന്നത്. പരാതിയിൽ പറയുന്ന ദിവസം നിവിൻ വിദേശത്ത് പോയിട്ടില്ലെന്ന് അന്വേഷണത്തിൽ കണ്ടെത്തി. എഫ്ഐആറില്‍ ആറാംപ്രതിയായിരുന്നു നിവിന്‍ പോളി. കോതമംഗലം മജിസ്ട്രേറ്റ് കോടതിയിൽ പൊലീസ് റിപ്പോർട്ട് സമർപ്പിച്ചു.
തനിക്കെതിരായ പരാതി വ്യാജമെന്ന് നിവിന്‍ മൊഴി നല്‍കിയിരുന്നു. പീഡനം നടന്നുവെന്ന് പറയുന്ന സമയത്ത് കേരളത്തിലെ ഷൂട്ടിങ് ലൊക്കേഷനിലാണുണ്ടായിരുന്നത്. പാസ്പോർട്ട് പരിശോധിച്ചാൽ ഇക്കാര്യം ബോധ്യപ്പെടുമെന്നുന്നും നിവിൻ അന്വേഷണസംഘത്തെ അറിയിച്ചിരുന്നു.
സിനിമയില്‍ അവസരം നല്‍കാമെന്നു വാദ്ഗാനം ചെയ്ത് നിവിന്‍ പോളി ഉള്‍പ്പെടെ 6 പേര്‍ കൂട്ടബലാത്സംഗം ചെയ്തുവെന്ന കോതമംഗലം സ്വദേശിനിയായ യുവതി പരാതി നൽകിയിരുന്നു. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതിനു പിന്നാലെയുണ്ടായ വെളിപ്പെടുത്തലിന്റെ ഭാഗമായായിരുന്നു യുവതിയുടെയും ആരോപണം. ദുബായിൽ വച്ചാണ് സംഭവം നടന്നതെന്നാണ് യുവതി പൊലീസിനു നൽകിയ മൊഴി. മൊബൈല്‍ ഫോണില്‍ പീഡന ദൃശ്യങ്ങള്‍ പകര്‍ത്തിയെന്നും അതു പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതി പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കൂട്ടബലാത്സംഗം, സ്ത്രീത്വത്തെ അപമാനിക്കല്‍ തുടങ്ങിയ വകുപ്പുകളാണു ചുമത്തിയിരുന്നത്.
എന്നാൽ യുവതി പറയുന്ന ദിവസങ്ങളിൽ നിവിൻ ‘വർഷങ്ങൾക്കു ശേഷം’ സിനിമയുടെ ഷൂട്ടിങ്ങിനായി കൊച്ചിയിൽ ഉണ്ടായിരുന്നുവെന്നാണ് സംവിധായകൻ വിനീത് ശ്രീനിവാസൻ പറഞ്ഞത്. യുവതി പരാതിയുമായി വന്നതിന് പിന്നാലെ നിവിന്‍ രംഗത്തെത്തുകയും വാർത്താസമ്മേളനത്തിൽ കാര്യങ്ങൾ വ്യക്തമാക്കുകയും ആരോപണങ്ങൾ തള്ളുകയും ചെയ്തിരുന്നു.