KeralaTop News

പി വി അൻവറിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ് കേസ്

Spread the love

നിലമ്പൂർ എംഎൽഎ പി വി അൻവറിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത് പൊലീസ്. ചേലക്കര താലൂക്ക് ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകരെ ഭീഷണിപ്പെടുത്തി, കൃത്യനിർവഹണം തടസ്സപ്പെടുത്തി എന്നാരോപിച്ചാണ് കേസ്. ആശുപത്രി സൂപ്രണ്ടിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്.

ഇന്നലെ ചേലക്കര താലൂക്ക് ആശുപത്രിയിലെത്തി പി വി അൻവറും പ്രവർത്തകരും ഡോക്ടർമാരടക്കം ആരോഗ്യ പ്രവർത്തകരെ ഭീഷണിപ്പെടുത്തുകയും കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും ചെയ്തുവെന്നാണ് ആശുപത്രി സൂപ്രണ്ടിന്റെ പരാതി. ഇന്നലെ രാവിലെ 9.30നാണ്‌ അൻവറും കോൺഗ്രസ്‌ വിമത സ്ഥാനാർഥി എൻ കെ സുധീറും സംഘം ചേർന്ന്‌ താലൂക്ക്‌ ആശുപത്രിയിലെത്തിയത്‌.

ചേലക്കര താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറോട്, രോഗികളും മറ്റുള്ളവരും നോക്കിനിൽക്കെ അപമര്യാദയായി പെരുമാറുകയും ഭീഷണി മുഴക്കുകയും ചെയ്തുവെന്നാണ് പരാതി. പിവിഅൻവറിനെതിരെ ആശുപത്രി സംരക്ഷണ നിയമമനുസരിച്ച് കേസ് എടുക്കണമെന്ന് ഐഎംഎയും നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ആശുപത്രി സംരക്ഷണ നിയമപ്രകാരമാണ് ചേലക്കര പൊലീസ് കേസെടുത്തത്.