കാശ് വാരിയെറിഞ്ഞ് ഒക്ടോബർ മാസം ആഘോഷമാക്കി ഇന്ത്യാക്കാർ; കോളടിച്ചത് ഖജനാവിൽ; നികുതി വരുമാനം 1.87 ലക്ഷം കോടി
രാജ്യമാകെ ഉത്സവകാലം ആഘോഷിക്കാൻ വിപണിയിലേക്ക് പണമൊഴുക്കി ജനം മത്സരിച്ചപ്പോൾ കേന്ദ്രത്തിന് കിട്ടിയത് വൻ നേട്ടം. ജിഎസ്‌ടി വരുമാനം ഒക്ടോബറിൽ 1.87 ലക്ഷം കോടി തൊട്ടു. രാജ്യത്ത് ഒരു മാസം ലഭിക്കുന്ന ഏറ്റവും ഉയർന്ന രണ്ടാമത്തെ നികുതി വരുമാനമാണിത്. സിജിഎസ്‌ടി 33821 കോടി രൂപയും എസ്‌ജിഎസ്‌ടി 41864 കോടിയുമാണ്. സംയോജിത ജിഎസ്‌ടി 99111 കോടി രൂപയുമാണ്. ഇതിന് പുറമെ സെസ് ഇനത്തിൽ 12550 കോടിയുടെ അധിക വരുമാനവം ഉണ്ടായി.
വരുമാനത്തിൽ മുൻ വർഷത്തെ അപേക്ഷിച്ച് 8.9 ശതമാനം വർധനവുണ്ടായി. ഒക്ടോബർ 2023 ൽ ജിഎസ്‌ടി വരുമാനം 1.72 ലക്ഷം കോടി രൂപയായിരുന്നു. ഈ വർഷം ഏപ്രിൽ മാസത്തിൽ രേഖപ്പെടുത്തി 2.10 ലക്ഷം കോടിയുടെ ജിഎസ്‌ടി വരുമാനമാണ് ഇതുവരെ ഒരു മാസം രേഖപ്പെടുത്തിയ ഉയർന്ന ജിഎസ്‌ടി വരുമാനം.
ആഭ്യന്തര ഇടപാടുകളിൽ നിന്നുള്ള ജിഎസ്ടിയിൽ ഒക്ടോബറിൽ 10.6 ശതമാനം വളർച്ച രേഖപ്പെടുത്തി. 1.42 ലക്ഷം കോടിയാണ് ഇതിലൂടെ കിട്ടിയത്. ഇറക്കുമതി തീരുവയിലൂടെ വരുമാനം നാല് ശതമാനം ഉയർന്ന് 45096 കോടി രൂപയായി. 19306 കോടിയുടെ റീഫണ്ടാണ് ഒക്ടോബറിൽ അനുവദിച്ചത്. മുൻവർഷത്തെ അപേക്ഷിച്ച് ഇതിൽ 18.2 ശതമാനം വർധനവുണ്ടായിട്ടുണ്ട്. റീഫണ്ട് കിഴിച്ച് കഴിയുമ്പോൾ ഒക്ടോബറിലെ മൊത്തം ജിഎസ്‌ടി വരുമാനം 1.68 ലക്ഷം കോടി രൂപയാണ്.
അതേസമയം ദീപാവലി അടക്കം ആഘോഷകാലത്തിൻ്റെ യഥാർത്ഥ പ്രതിഫലനം നവംബറിലെ നികുതി വരവ് കൂടി നോക്കിയാലേ മനസിലാകൂവെന്ന് വിഗദ്ധർ അഭിപ്രായപ്പെടുന്നു. ഓട്ടോമൊബൈൽ സെക്ടറിൻ്റെ പ്രകടനമായിരിക്കും ഇതിൽ നിർണായകമാവുകയെന്നും അവർ ചൂണ്ടിക്കാട്ടുന്നു.