ആരോപണങ്ങള്‍ക്ക് എന്നെ പുറത്താക്കിയെന്നല്ല മറുപടി പറയേണ്ടത്, അത് ഒളിച്ചോട്ടം, ധര്‍മരാജ് വരുമ്പോള്‍ കെ സുരേന്ദ്രന്‍ ഓഫിസിലുണ്ട്: തിരൂര്‍ സതീശ്
കൊടകരയിലെ കുഴല്‍പ്പണമെത്തിച്ചത് ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കാണെന്നായിരുന്നു ട്വന്റിഫോറിലൂടെ സതീശിന്റെ വെളിപ്പെടുത്തല്‍. ട്വന്റിഫോര്‍ മാധ്യമപ്രവര്‍ത്തകനും രാഹുല്‍ മാങ്കൂട്ടത്തിലും ചേരുന്ന പി ആര്‍ ഏജന്‍സിക്ക് വേണ്ടിയാണ് ഈ വെളിപ്പെടുത്തലെന്ന ആരോപണം സതീശ് പൂര്‍ണമായി തള്ളി. പി ആര്‍ ഏജന്‍സി എന്തെന്ന് പോലും തനിക്കറിയില്ല. തെരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്താനെങ്കില്‍ തനിക്ക് എല്ലാവരും ജയസാധ്യത പ്രവചിച്ച ഇതേ തൃശൂരിലെ തെരഞ്ഞെടുപ്പ് സമയത്ത് തന്നെ ആരോപണം ഉന്നയിക്കാമായിരുന്നല്ലോ എന്നും തിരൂര്‍ സതീശ് കൂട്ടിച്ചേര്‍ത്തു.
കൊടകര കുഴല്‍പ്പണക്കേസിലെ വെളിപ്പെടുത്തലിന് പിന്നാലെ ബിജെപി നേതൃത്വം തനിക്കെതിരെ ഉന്നയിച്ച എല്ലാ ആരോപണങ്ങളും തള്ളി തൃശൂര്‍ ബിജെപിയിലെ മുന്‍ ഓഫിസ് സെക്രട്ടറി തിരൂര്‍ സതീശ്. തന്നെ പാര്‍ട്ടിയില്‍ നിന്ന് ഇതുവരെ ആരും പുറത്താക്കിയിട്ടില്ലെന്നും തന്നെ ആര്‍ക്കും വിലക്കെടുക്കാനാകില്ലെന്ന് നാട്ടുകാര്‍ക്ക് ബോധ്യമുണ്ടെന്നും തിരൂര്‍ സതീശ് മാധ്യമങ്ങളോട് പറഞ്ഞു. താന്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടി നല്‍കാതെ തന്നെ വ്യക്തിഹത്യ ചെയ്യുന്നത് ഒളിച്ചോട്ടമാണ്. താന്‍ ഒരു തരത്തിലും സാമ്പത്തിക ക്രമക്കേടുകള്‍ നടത്തിയിട്ടില്ല. അങ്ങനെയെങ്കില്‍ തനിക്ക് ഇന്നും ഈ നാട്ടില്‍ ജീവിക്കാനാകില്ല. പണമെത്തിച്ച ധര്‍മരാജ് വരുമ്പോള്‍ കെ സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഓഫിസിലുണ്ടായിരുന്നെന്നും തിരൂര്‍ സതീശ് കൂട്ടിച്ചേര്‍ത്തു
ഒരു തരത്തിലുള്ള സാമ്പത്തിക ക്രമക്കേടും താന്‍ നടത്തിയിട്ടില്ലെന്നും തന്റെ പേരില്‍ യാതൊരു കേസുമില്ലെന്നും സതീശ് പറഞ്ഞു. രണ്ട് വര്‍ഷം മുന്‍പ് തന്നെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയെന്നത് കള്ളമാണ്. താന്‍ കഴിഞ്ഞ വര്‍ഷവും ജില്ലാ കമ്മിറ്റിയുടെ പേരില്‍ ബാങ്കില്‍ പണമടച്ചുവെന്ന് പറഞ്ഞ സതീശ് അതിന്റെ രസീതുകളും മാധ്യമങ്ങളിലൂടെ പുറത്തുവിട്ടു. താന്‍ പറഞ്ഞത് അത്രയും തനിക്ക് പകല്‍ പോലെ ബോധ്യപ്പെട്ടവയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.