KeralaTop News

‘ദിവ്യക്കെതിരായ നടപടി പാര്‍ട്ടി ആലോചിച്ചോളാം, മാധ്യമങ്ങളോട് പറയേണ്ട കാര്യമില്ല’ : എം വി ഗോവിന്ദന്‍

Spread the love

പി പി ദിവ്യയുടെ അറസ്റ്റുമായി ബന്ധപ്പെട്ട് പൊലീസ് സ്വീകരിച്ചത് ശരിയായ നടപടിയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. ദിവ്യക്കെതിരെയുള്ള നടപടി പാര്‍ട്ടി ആലോചിച്ചോളാം, അതു മാധ്യമങ്ങളുടെ മുന്നില്‍ പറയേണ്ട കാര്യമില്ലെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

പ്രതിയായി തീരുമാനിക്കപ്പെട്ട ഒരാളെ അറസ്റ്റ് ചെയ്താല്‍ ആശുപത്രിയിലും കോടതിയുടെ മുന്നിലും ജയിലിലും എത്തിക്കുക എന്ന മൂന്ന് പ്രക്രിയയല്ലേ നടന്നത്. അതിനെ തെറ്റായ രീതിയില്‍ വിശദീകരിച്ച് മാധ്യമങ്ങള്‍ ഉണ്ടാക്കിയിട്ടുള്ള പുകമറയില്‍ നിന്നുകൊണ്ട് പ്രതിപക്ഷ നേതാവ് ഉള്‍പ്പടെ സംസാരിച്ചുകൊണ്ടിരിക്കുകയാണ് – എംവി ഗോവിന്ദന്‍ പറഞ്ഞു. ഗവണ്‍മെന്റ് ശരിയായ നിലപാടാണ് സ്വീകരിച്ചതെന്നും പൊലീസും അതില്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ദിവ്യക്കെതിരായ നടപടി പാര്‍ട്ടി തീരുമാനിക്കുമെന്നും അത് മാധ്യമങ്ങളോട് പറയേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, എ ഡി എം നവീന്‍ ബാബുവിന്റെ മരണത്തില്‍ പൊലീസ് അന്വേഷണം ശരിയായ ദിശയിലല്ലെന്നാണ് പി പി ദിവ്യയുടെ വാദം. എ ഡി എമ്മിനെതിരെ ആരോപണം ഉന്നയിച്ചത് പ്രശാന്തന്റെ പരാതിയെ തുടര്‍ന്നെന്നും ഇത് പ്രശാന്ത് പോലീസിന് മുന്നിലും ആരോഗ്യ വകുപ്പിന്റെ അന്വേഷണ സംഘത്തിന് മുന്നിലും ആവര്‍ത്തിച്ചിട്ടുണ്ടെന്നും ജാമ്യ ഹര്‍ജിയില്‍ പറയുന്നു. എന്നാല്‍ പ്രശാന്തന്റെ മൊഴി പോലീസ് കോടതിയില്‍ ഹാജരാക്കിയില്ല. ഈ മൊഴി ഹാജരാക്കിയാല്‍ പ്രശാന്ത് പണം നല്‍കി എന്ന ആരോപണം സാധൂകരിക്കപ്പെട്ടേനെ – എന്നാണ് ദിവ്യയുടെ വാദം. കോടതിയില്‍ സമര്‍പ്പിക്കുന്ന ജാമ്യ ഹര്‍ജിയിലാണ് പോലീസിനെതിരായ ദിവ്യയുടെ ആരോപണം. ഹര്‍ജി ഇന്ന് തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ സമര്‍പ്പിക്കും.