NationalTop News

സ്‌പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് ഇന്ത്യയിൽ; ഇത് ആദ്യ ഔദ്യോഗിക സന്ദർശനം

Spread the love

സൈനികവിമാനങ്ങൾ നിർമിക്കുന്നതിനുള്ള രാജ്യത്തെ ആദ്യ സ്വകാര്യ സംരംഭമായ എയർബസ് സി 295 എയർക്രാഫ്റ്റ് പ്ലാൻ്റ് ഉദ്ഘാടനം ചെയ്‌ത്‌ സ്‌പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ്. ഭാര്യ ബെഗോനാ ഗോമസിനൊപ്പമാണ് അദ്ദേഹം ഇന്ത്യയിൽ എത്തിയത്. ഇന്ന് പുലർച്ചെ ഗുജറാത്തിലെ വഡോദരയിൽ എത്തിയ പെഡ്രോ സാഞ്ചസിന്‍റെ ആദ്യ ഔദ്യോഗിക ഇന്ത്യൻ സന്ദർശനം കൂടിയാണിത്.

ടാറ്റയെ കൂടാതെ, ഭാരത് ഇലക്ട്രോണിക്‌സ്, ഭാരത് ഡൈനാമിക്‌സ് തുടങ്ങി മുൻനിര പ്രതിരോധ പൊതുമേഖലാ യൂണിറ്റുകളും സ്വകാര്യ മൈക്രോ, ഇടത്തരം സംരംഭങ്ങളും പദ്ധതിയിൽ സംഭാവന നൽകും. 2022 ഒക്ടോബറിലാണ് വഡോദര ഫൈനൽ അസംബ്ലി ലൈനിന് മോദി തറക്കല്ലിടുന്നത്.

ടാറ്റ അഡ്‍വാൻസ് സിസ്റ്റംസ് ലിമിറ്റഡും (ടി.എ.എസ്.എൽ.) യൂറോപ്യൻ വിമാനനിർമാണക്കമ്പനിയായ എയർബസും ചേർന്നാണ് പദ്ധതിയുടെ നടത്തിപ്പ്. വിമാനഭാഗങ്ങൾ ഒന്നിച്ചുചേർക്കൽ, ടെസ്റ്റിങ്, വിതരണം, പരിപാലനം തുടങ്ങി വിമാനങ്ങളുടെ നിർമാണപ്രക്രിയയുടെ മുഴുവൻ ഘട്ടങ്ങളും ഇവിടെ തന്നെയാണ് നടക്കുന്നത്. സി-295 പദ്ധതി പ്രകാരം 56 വിമാനങ്ങളാണ് വികസിപ്പിക്കേണ്ടത്. ഇതിൽ 16 എണ്ണം സ്‌പെയിനിൽ നിന്ന് എയർബസ് നേരിട്ട് എത്തിക്കുന്നു, ബാക്കി 40 എണ്ണം ഇന്ത്യയിൽ നിർമ്മിക്കും. ഈ 40 വിമാനങ്ങൾ ഇന്ത്യയിൽ നിർമ്മിക്കുന്നതിൻ്റെ ഉത്തരവാദിത്തം ടിഎഎസ്എൽ ആണ്.

ഉദ്ഘാടനത്തിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം സാഞ്ചസ് റോഡ്ഷോയിൽ പങ്കെടുത്തു. വിമാനത്താവളം മുതൽ ടാറ്റ ഫെസിലിറ്റി വരെ നീളുന്ന 2.5 കിലോമീറ്റർ റോഡ്‌ഷോയിൽ സാംസ്‌കാരിക പ്രദർശനങ്ങൾ നടന്നു. മോദിയും സ്‌പാനിഷ് പ്രധാനമന്ത്രിയും ചരിത്രപ്രസിദ്ധമായ ലക്ഷ്‌മി വിലാസ് കൊട്ടാരം സന്ദർശിക്കും. ഉച്ചഭക്ഷണവും കൊട്ടാരത്തിൽ തന്നെയാവുമെന്നാണ് റിപ്പോർട്ടുകൾ. ഇവിടെ വച്ച് വിദേശകാര്യ മന്ത്രാലയം (എംഇഎ) സംഘടിപ്പിക്കുന്ന ഉഭയകക്ഷി കൂടിക്കാഴ്‌ച ഉണ്ടാകും . സ്പെയിനിലേക്ക് മടങ്ങുന്നതിന് മുമ്പ് ചൊവ്വാഴ്‌ച സാഞ്ചസ് മുംബൈ സന്ദർശിക്കും. ബുധനാഴ്‌ച സാഞ്ചസ് സ്പെ‌യിനിലേക്ക് തിരിക്കും.