Kerala

കരുവന്നൂർ കേസ്; പി ആർ അരവിന്ദാക്ഷന്‍റെ അമ്മയുടെ നിക്ഷേപമില്ലെന്ന് പെരിങ്ങണ്ടൂര്‍ ബാങ്ക് ഭരണ സമിതി

Spread the love

തൃശൂര്‍: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസില്‍ ഇഡി അറസ്റ്റ് ചെയ്ത പി ആർ അരവിന്ദാക്ഷന്‍റെ അമ്മയുടെ പേരില്‍ പെരിങ്ങണ്ടൂർ സർവീസ് സഹകരണ ബാങ്കിൽ 63 ലക്ഷം രൂപയുടെ നിക്ഷേപം ഉണ്ടെന്ന രീതിയിൽ വരുന്ന വാർത്തകൾ വസ്തുതാ വിരുദ്ധമാണെന്ന് ബാങ്ക് ഭരണസമിതി. ഇത്തരം തെറ്റായ വാർത്തകൾ ബാങ്കിലെ നിക്ഷേപകരിൽ ആശങ്ക ജനിപ്പിക്കുന്നുണ്ട്. ബാങ്കിലെ സാധാരണ ജനങ്ങളുടെ നിക്ഷേപം പുറത്തേക്ക് ഒഴുകാൻ മാത്രമേ ഇത്തരം വാർത്തകൾ ഉപകരിക്കൂ എന്നും ബാങ്ക് അധികൃതർ വാർത്താ കുറിപ്പിൽ അറിയിച്ചു.

അതേസമയം, കേസുമായി ബന്ധപ്പെട്ട് സിപിഎം സംസ്ഥാന സമിതി അംഗവും തൃശ്ശൂർ ജില്ലാ സഹകരണ ബാങ്ക് അധ്യക്ഷനുമായ എം കെ കണ്ണനെ ഇന്ന് ഇഡി ചോദ്യം ചെയ്യും. ഇത് രണ്ടാം തവണയാണ് ഇ ഡി കണ്ണനെ ചോദ്യം ചെയ്യുന്നത്. ചോദ്യം ചെയ്യലിൽ സഹകരിക്കുമെന്ന് കണ്ണൻ വ്യക്തമാക്കിയിട്ടുണ്ട്. കേസിലെ മുഖ്യപ്രതി സതീഷ് കുമാറുമായുള്ള ബന്ധത്തിലും കണ്ണൻ നേതൃത്വം നൽകുന്ന ബാങ്കിൽ നടന്ന ദുരൂഹമായ ഇടപാടുകളിലുമാണ് ഇഡി അന്വേഷണം. കിരണും സതീഷ്കുമാറും തമ്മിലുള്ള കള്ളപ്പണ കൈമാറ്റം കണ്ണന്‍റെയും എ സി മൊയ്തീന്‍റെയും അറിവോടെയാണെന്നും ഇഡി സംശയിക്കുന്നു. സംസ്ഥാന രാഷ്ട്രീയത്തിലെ ഉന്നതർ ഇടപെട്ട തട്ടിപ്പെന്ന ഇഡി വ്യക്തമാക്കുമ്പോൾ ആരൊക്കെയാണ് ആ ഉന്നതർ എന്ന ചോദ്യവും ശക്തമാകുകയാണ്. സിപിഎം പ്രാദേശിക നേതാവായ അരവിന്ദാക്ഷനെ കസ്റ്റഡിയിൽ ചോദ്യം ചെയ്ത ശേഷമാണ് കണ്ണനെ വീണ്ടും വിളിപ്പിക്കുന്നത്.

അതിനിടെ, കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിനെതിരെ കോൺഗ്രസിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന സഹകരണ-സംരക്ഷണ പദയാത്ര ഇന്ന് നടക്കും. ഡിസിസി പ്രസിഡൻറ് ജോസ് വള്ളൂർ, ടി എൻ പ്രതാപൻ എം.പി എന്നിവർ നേതൃത്വം നൽകുന്ന പദയാത്ര രാവിലെ ഒമ്പതിന് കരുവന്നൂർ സഹകരണ ബാങ്കിന് മുന്നിൽ നിന്ന് തുടങ്ങും. ബാങ്കിലെ നിക്ഷേപം തിരികെ കിട്ടാതെ മരിച്ച ആറ് പേരുടെ ചിത്രങ്ങൾ ഉൾപ്പെടുത്തി തയ്യാറാക്കിയ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തിയാവും ആരംഭം. പദയാത്ര കെപിസിസി വർക്കിംഗ് പ്രസിഡന്റ് ടി സിദ്ദിഖ് എംഎൽഎയും സമാപന സമ്മേളനം കെപിസിസി പ്രസിഡന്റ് കെ സുധാകരനും ഉദ്ഘാടനം ചെയ്യും.