അങ്കമാലി- എരുമേലി, ശബരി പാത; കേരളം സഹകരിക്കുന്നില്ലെന്ന് കേന്ദ്രം
അങ്കമാലി- എരുമേലി ശബരി പാതയുമായി കേരളം സഹകരിക്കുന്നില്ലെന്ന് കേന്ദ്രം. ചെലവ് പങ്കിടുന്നതിൽ കേരളം മൗനം പാലിക്കുകയാണെന്നും ഭൂമി ഏറ്റെടുക്കുന്നതിൽ സഹകരണം ഉണ്ടായില്ലെന്നും കേന്ദ്ര റെയിൽവേ മന്ത്രാലയം അറിയിച്ചു. 3726 കോടിയാണ് പദ്ധതിക്ക് നിലവിൽ ചെലവ് പ്രതീക്ഷിക്കുന്നത്.
രാജ്യസഭയിൽ ഹാരിസ് ബീരാൻറെ ചോദ്യത്തിനാണ് റെയിൽവേ സഹമന്ത്രി രവനീത് ബിട്ടുവിൻ്റെ മറുപടി. നിർദ്ദിഷ്ട ചെങ്ങന്നൂർ പമ്പ റെയിൽവേ പാതയ്ക്കായി സർവ്വെ നടക്കുന്നുവെന്നും ഇതിന്റെ അടിസ്ഥാനത്തിൽ 75 കിലോമീറ്റർ പാതയ്ക്ക് പദ്ധതി റിപ്പോർട്ട് തയ്യാറാക്കുമെന്നും റെയിൽവേ മന്ത്രാലയം വ്യക്തമാക്കി.
അതേസമയം, ലക്ഷക്കണക്കിന് ജനങ്ങൾക്കും നിരവധി പ്രദേശങ്ങൾക്കും സൗകര്യപ്രദമാകുന്നതാണ് അങ്കമാലി- എരുമേലി, ശബരി പാത. 1997-98ൽ അംഗീകാരം നേടിയ പദ്ധതിക്ക് അങ്കമാലി മുതൽ രാമപുരംവരെ 70 കിലോമീറ്റർദൂരത്തിൽ ഭൂമി ഏറ്റെടുത്തതുമാണ്.
ആന്ധ്ര, തെലങ്കാന, തമിഴ്‌നാട്, കർണാടക എന്നിവിടങ്ങളിൽനിന്നുള്ള 70 ശതമാനം ശബരിമല തീർഥാടകരും ആശ്രയിക്കുന്നത് ട്രെയിനുകളെയാണ്. അവർക്ക് അങ്കമാലി –എരുമേലി പാതയാണെങ്കിൽ 145 കിലോമീറ്റർ സഞ്ചരിച്ചാൽ പമ്പയിൽ എത്താം. കോട്ടയം–ചെങ്ങന്നൂർ–പമ്പ വഴി എത്താൻ 201 കിലോമീറ്റർ സഞ്ചരിക്കണം.