‘ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി നെഹ്റു അല്ല’; വിവാദ പരാമർശവുമായി ബിജെപി എംഎൽഎ
വിവാദ പ്രസ്താവനയുമായി കർണാടകയിലെ ബിജെപി എംഎൽഎ ബസൻഗൗഡ പാട്ടീൽ യത്നൽ. ജവഹർലാൽ നെഹ്റു ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയായിരുന്നില്ലെന്ന് പരാമർശം. ബ്രിട്ടീഷുകാർ ഇന്ത്യ വിടാൻ കാരണം സുഭാഷ് ചന്ദ്രബോസാണെന്നും ബസൻഗൗഡ പാട്ടീൽ യത്നൽ പറഞ്ഞു.
“നെഹ്റുവായിരുന്നില്ല ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി, സുഭാഷ് ചന്ദ്രബോസായിരുന്നു. നിരാഹാര സമരം കൊണ്ടും, ഒരു കരണത്തടിച്ചാൽ മാറുകരണം കാണിച്ചുകൊടുക്കാൻ പറഞ്ഞതുകൊണ്ടുമല്ല നമുക്ക് സ്വാതന്ത്ര്യം ലഭിച്ചത്. മറിച്ച് നേതാജി സുഭാഷ് ചന്ദ്രബോസ് ജനിപ്പിച്ച ഭയമാണ് സ്വാതന്ത്ര്യ ലബ്ദിക്ക് കാരണമെന്ന് ബാബാസാഹെബ് ഒരു പുസ്തകത്തിൽ പറഞ്ഞിട്ടുണ്ട്”- ഒരു പൊതു പരിപാടിയിൽ ബിജെപി എംഎൽഎ പറഞ്ഞു.
രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ബ്രിട്ടീഷുകാർ ഇന്ത്യ വിട്ടു. ഏതാനും ഭാഗങ്ങളിൽ സ്വാതന്ത്ര്യം പ്രഖ്യാപിച്ചപ്പോൾ നേതാജി സുഭാഷ് ചന്ദ്രബോസായിരുന്നു സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രി. അവർക്ക് സ്വന്തമായി കറൻസിയും പതാകയും ദേശീയ ഗാനവും ഉണ്ടായിരുന്നു. നെഹ്റു ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രിയല്ല, നേതാജി സുഭാഷ് ചന്ദ്രബോസ് ആണെന്ന് പ്രധാനമന്ത്രി മോദി പറയുന്നത് ഇതുകൊണ്ടാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.