Saturday, November 23, 2024
Latest:
KeralaTop News

‘മലപ്പുറം രൂപീകരണത്തിനെതിരെ കുട്ടിപാക്കിസ്ഥാൻ എന്ന് വിളിച്ചവരല്ലേ കോൺഗ്രസുകാർ’; ജലീലും പ്രതിപക്ഷവും നേർക്കുനേർ

Spread the love

തിരുവനന്തപുരം: മലപ്പുറം ജില്ല രൂപീകരണവുമായി ബന്ധപ്പെട്ടുള്ള കെടി ജലീലിന്റെ പരാമർശത്തെ തുടർന്ന് സഭയിൽ പ്രതിപക്ഷ ബഹളം. കമ്മ്യൂണിസ്റ്റുകൾ ആർഎസ്എസിനൊപ്പമാണെന്ന് പറയുന്നത് അബദ്ധമാണെന്ന് പറഞ്ഞ ജലീൽ മലപ്പുറം ജില്ലാ രൂപീകരണത്തിനെതിരെ കുട്ടിപാക്കിസ്ഥാൻ എന്ന് വിളിച്ചവരല്ലേ കോൺഗ്രസുകാരെന്നും പറഞ്ഞതോടെ സഭയിൽ പ്രതിഷേധം കനക്കുകയായിരുന്നു. ജലീലിനെതിരെ പ്രതിപക്ഷ നേതാവ് രം​ഗത്തെത്തുകയും ജലീൽ ഒരിക്കലും പറയാൻ പാടില്ലാത്ത പരാമർശമാണെന്നും വിഡി സതീശൻ പ്രതികരിച്ചു.

ജലീൽ നടത്തിയത് ഗാന്ധി നിന്ദയും നെഹ്രു നിന്ദയുമാണ്. ഇത് തിരുത്തണമെന്നും സതീശൻ പറഞ്ഞതോടെ പരിശോധിക്കാമെന്നു സ്പീക്കർ മറുപടി നൽകുകയായിരുന്നു. എന്നാൽ പരാമർശം ആവർത്തിക്കുകയായിരുന്നു ജലീൽ. ഇതോടെ സഭയിൽ പ്രതിപക്ഷം ബഹളം വെച്ചു. പ്രതിപക്ഷം നടുത്തളത്തിലിറങ്ങിയും പ്രതിഷേധിച്ചു. സ്പീക്കർ പരിശോധിക്കാമെന്ന് പറഞ്ഞ വാചകം വീണ്ടും ആവർത്തിച്ചത് ശരിയോ എന്ന് വിഡി സതീശൻ ചോദിച്ചു. സിഎച്ചിന്റെ പ്രസംഗം മുഴുവൻ വായിച്ചിട്ടുണ്ട്. പികെ ബഷീർ ഒന്നും വായിച്ച് കാണില്ലെന്ന് ജലീൽ പറഞ്ഞതോടെ ബഷീർ വായിച്ചോ വായിച്ചില്ലേ എന്ന് പറയാൻ ഇവനാരാണ് സാർ എന്നായി പികെ ബഷീർ. വ്യക്തിപരമായ പരാമർശങ്ങളും അൺപാർലമൻ്ററി പ്രയോഗങ്ങളും രേഖയിലുണ്ടാകില്ലെന്നും സ്പീക്കർ പറഞ്ഞു.

മലബാർ കലാപത്തെ ഒറ്റു കൊടുത്തവരാണ് കോൺഗ്രസ്. 1971 വരെ അത് സ്വാതന്ത്ര്യ സമരം അല്ലെന്നവർ പ്രചരിപ്പിച്ചു. ഗോൾവാൾക്കറുടെ മുന്നിൽ വിളക്ക് കൊളുത്തിയതും വണങ്ങിയതും പ്രതിപക്ഷ നേതാവല്ലേയെന്നും ജലീൽ ചോദിച്ചു. ഏതെങ്കിലും ഒരു കോൺഗ്രസ് നേതാവ് പേരിനെങ്കിലും ആർഎസ്എസിനെതിരെ കയ്യുയർത്തിയിട്ടെങ്കിലും ഉണ്ടോ എന്നും കു‍ഞ്ഞാലിക്കുട്ടിയോട് കെടി ജലീൽ ചോദിച്ചു. ഇതോടെ ജലീലും പ്രതിപക്ഷവും തമ്മിലുള്ള വാക്കു തർക്കം തുരുകയായിരുന്നു.