Kerala

നെഹ്റു ട്രോഫി വള്ളംകളി; ക്ലബുകളെയും ചുണ്ടൻവള്ളങ്ങളെയും വഞ്ചിച്ച് സർക്കാർ; ഇതുവരെ ​ഗ്രാന്റും ബോണസും നൽകിയില്ല

Spread the love

ആലപ്പുഴ: നെഹ്റു ട്രോഫി വള്ളംകളിയില്‍ പങ്കെടുത്ത ബോട്ട് ക്ലബ്ബുകളെയും ചുണ്ടന്‍വള്ളങ്ങളെയും വഞ്ചിച്ച് സര്‍ക്കാര്‍. മല്‍സരം കഴിഞ്ഞ് ഒന്നര മാസം പിന്നിട്ടിട്ടും സര്‍ക്കാർ നല്‍കേണ്ട ഒരു കോടി രൂപയുടെ ഗ്രാന്‍റോ ബോണസോ നൽകിയിട്ടില്ല. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ ക്ലബ്ല് ഉടമകള്‍ ചാമ്പ്യൻസ് ബോട്ട് ലീഗിന്‍റെ ബാക്കിയുള്ള മല്‍സരങ്ങളിൽ ബഹിഷ്ക്കരിക്കുന്ന കാര്യം തീരുമാനിക്കാ‍ന്‍ ഉടൻ യോഗം ചേരും. ഒരു കോടി രൂപയാണ് ​ഗ്രാന്റ് ഇനത്തിൽ നൽകാനുള്ളത്. ആകെ നല്‍കിയത് ഒരു ലക്ഷം രൂപയുടെ അഡ്വാന്‍സ് മാത്രമാണ്. തുഴച്ചിലുകാര്‍ക്ക് വേതനം പോലും നൽകാൻ പോലും നിവൃത്തിയില്ലാത്ത അവസ്ഥയിലാണ് ക്ലബ് ഉടമകൾ.

പുന്നമടയിലെ കായല്‍പ്പരപ്പുകളെ ഇളക്കി മറിച്ച് ആവേശം വാനോളമുയര്‍ത്തി നെഹ്റു ട്രോഫി ജലമേള നടന്നത് കഴിഞ്ഞ ഓഗസ്റ്റ് 12 നാണ്. ആഘോഷമെല്ലാം മന്ത്രിമാരും ഉദ്യോഗസ്ഥരുമെല്ലാം മടങ്ങിപ്പോയി. പക്ഷെ സര്‍ക്കാരിന്റെ വാക്കും കേട്ട് സ്വന്തം പോക്കറ്റില്‍ നിന്നും കടംവാങ്ങിയും പണം മുടക്കിയ ക്ലബ് ഉടമകളെ സര്‍ക്കാർ ഇത് വരെ തിരിഞ്ഞു നോക്കിയിട്ടില്ല. വള്ളംകളി സംഘാടകരായ എൻടിബിആർ സൊസൈറ്റിയും ടൂറിസം വകുപ്പ് വഴിയുമാണ് സര്‍ക്കാർ ഇത് നല്‍കേണ്ടത്. കൈയില്‍ പണമില്ലെന്നാണ് സർക്കാരിന്റെ മറുപടി. ഇപ്പോള്‍ തുഴച്ചിലുകാര്‍ക്ക് പോലും വേതനം നല്‍കാതെ ബുദ്ധിമുട്ടുകയാണ് നെഹ്റുട്രോഫിക്കിറങ്ങിയ ക്ലബ്ലുകള്‍. 19 ചുണ്ടന്‍ വള്ളങ്ങള്‍ക്ക് ആകെ നൽകിയത് ഒരു ലക്ഷം രൂപയുടെ അഡ്വാന്‍സ് മാത്രമാണ്. ചെറുവള്ളങ്ങൾക്ക് 25000 രൂപയും.