Thursday, February 27, 2025
Latest:
KeralaTop News

ബലാത്സംഗ കേസ്; സിദ്ദിഖ് ഇന്ന് പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകും

Spread the love

യുവനടിയെ ബലാത്സംഗം ചെയ്ത കേസിൽ നടൻ സിദ്ദിഖ് ഇന്ന് പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകും. രാവിലെ 11.30ന് തിരുവനന്തപുരം കമ്മീഷണർ ഓഫീസിൽ എത്താനാണ് നോട്ടീസ്. അന്വേഷണ ഉദ്യോഗസ്ഥനായ തിരുവനന്തപുരം അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യൽ.

ഒന്നിലധികം ദിവസം തുടർച്ചയായി ചോദ്യം ചെയ്യേണ്ടതുണ്ടെന്നും ചില പരിശോധനകൾക്ക് വിധേയമാകണം എന്നാണ് പൊലീസിന്റെ വാദം. ചോദ്യം ചെയ്യൽ നാളെയും തുടർന്നേക്കും. സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് ഹോട്ടലിൽ വിളിച്ചുവരുത്തി പീഡിപ്പിച്ചു എന്നാണ് കേസ്. ഇതിന്റെ സാഹചര്യ തെളിവുകളും പൊലീസ് ഹോട്ടലിൽ നിന്ന് ശേഖരിച്ചിരുന്നു.

ചോദ്യം ചെയ്യലിന് ഹാജരാകാൻ സന്നദ്ധത അറിയിച്ച് സിദ്ദിഖ് അന്വേഷണ സംഘത്തിന് കത്തയച്ചിരുന്നു. അന്വേഷണവുമായി പൂർണമായി സഹകരിക്കും എന്നതായിരുന്നു സിദ്ദിഖിന്റെ നിലപാട്. അറസ്റ്റ് പാടില്ലെന്ന് സുപ്രിംകോടതി വിധിയുണ്ട്. ഇതിന് പിന്നാലെയാണ് അന്വേഷണ സംഘത്തിന് മുന്നിൽ സിദ്ദിഖ് ഹാജരാകാൻ തീരുമാനിച്ചത്.