KeralaTop News

തൂണേരി ഷിബിൻ വധക്കേസ് വിധി ആശ്വാസകരം, കണ്ണൂരിനെക്കുറിച്ച് അൻവറിന് അറിയില്ല; വികെ സനോജ്

Spread the love

തൂണേരി ഷിബിന്‍ വധക്കേസില്‍ വിധി ആശ്വാസകരമെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വികെ സനോജ്. ഷിബിനെ അതിക്രൂരമായാണ് കൊലപ്പെടുത്തിയത്. ലീഗിന്റെ ക്രിമിനൽ മുഖം കൂടുതൽ വ്യക്തമായെന്നും വി കെ സനോജ് കൂട്ടിച്ചേർത്തു.

നാദാപുരം തൂണേരിയിൽ 2015 ജനുവരി 22 നാണ് ഡിവൈഎഫ്ഐ പ്രവർത്തകൻ ഷിബിൻ കൊല്ലപ്പെട്ടത്. മരണപ്പെടുമ്പോൾ ഷിബിന് പ്രായം പത്തൊമ്പത് വയസായിരുന്നു. ഇസ്മായിൽ, അസ്ലം, മുനീർ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു ആക്രമണം. ലീഗിന്റെ പ്രാദേശിക ഗുണ്ടയായ ഇസ്മായിലും സംഘവും നിസ്സാരമായ തർക്കത്തിന്റെ പേരിലാണ് ഷിബിനെ കൊലപ്പെടുത്തിയത്. അക്രമം തടയാൻ ശ്രമിച്ച കോൺഗ്രസ് പ്രവർത്തകരെ അടക്കം പരിക്കേൽപ്പിച്ചു.

വിചാരണക്കോടതി വെറുതെവിട്ട പ്രതികൾ കുറ്റക്കാരാണെന്ന് ഹൈക്കോടതി വ്യക്തമാക്കി. 1 മുതല്‍ 6 വരെ പ്രതികളെയും 15, 16 പ്രതികളെയുമാണ് ഹൈക്കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയത്. സര്‍ക്കാരിന്റെ ഉള്‍പ്പെടെ അപ്പീലിലാണ് വിധി.

അതേസമയം, പി വി അന്‍വറിന് കണ്ണൂരിനെക്കുറിച്ച് ധാരണയില്ലെന്നും അൻവറിനൊപ്പം കണ്ണൂരിലെ നേതാവുമില്ല അനുഭാവിയുമില്ലെന്നും വികെ സനോജ് പറഞ്ഞു. ഒരു അണിയെ പോലും അന്‍വറിന് കണ്ണൂരില്‍ നിന്ന് കിട്ടില്ലെന്നും ഇക്കാര്യത്തില്‍ അന്‍വറിനെ വെല്ലുവിളിക്കുകയാണെന്നും സനോജ് പറഞ്ഞു. കണ്ണൂരില്‍ പ്രമുഖ നേതാവിന്റെ പിന്തുണയുണ്ടെന്ന അന്‍വറിന്റെ പ്രസ്താവനയ്ക്ക് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.