KeralaTop News

‘ഞാന്‍ സാധാരണക്കാരനല്ലേ, രാഷ്ട്രീയക്കാരനൊന്നുമല്ലല്ലോ, സാധാരണക്കാരന് വാക്കുതെറ്റിക്കാന്‍ പറ്റില്ല, അര്‍ജുനെ കൊണ്ടുവരുമെന്ന് എന്റെ വാക്കായിരുന്നു’ മനാഫ്

Spread the love

സംവിധാനങ്ങള്‍ വരെ പലവട്ടം പരിഭ്രമിച്ചുപോയ വെല്ലുവിളികള്‍ ഏറെയുണ്ടായ ഷിരൂര്‍ ദൗത്യത്തിന്റെ 72 നാളുകളില്‍ അര്‍ജുനായി ഷിരൂരാകെ നിറഞ്ഞുനിന്ന കരുതലിന്റെ പേരായിരുന്നു മനാഫ്. ദൗത്യത്തിന്റെ പല ഘട്ടങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ വാഴ്ത്തുപാട്ടും അധിക്ഷേപവും ക്ഷമാപണവും മാറിമാറി വരുമ്പോള്‍ അതൊന്നും ശ്രദ്ധിക്കാന്‍ ആ മനുഷ്യന് സമയമില്ലായിരുന്നു. ഒരു ലോറിയുടമ തന്റെ ഡ്രൈവറെ തിരയുന്നതുപോലെയായിരുന്നില്ല, കൂടെപ്പിറപ്പിനെ ഒരു പച്ചമനുഷ്യന്‍ തിരയുന്ന കാഴ്ചയാണ് കേരളം മനാഫിലൂടെ കണ്ടത്. അര്‍ജുനെ തിരികെയെത്തിക്കുമെന്ന് അവന്റെ കുടുംബത്തിന് കൊടുത്ത വാക്ക് നിറവേറ്റാനുള്ള തിരക്കിലായിരുന്നു ഈ 72 നാളുകളില്‍ മനാഫ്. ചേതനയറ്റെങ്കിലും, കണ്ട് കരയാനെങ്കിലും ചോദ്യങ്ങള്‍ക്കുള്ള ഉത്തരവുമായി മനാഫ് അര്‍ജുന്റെ കണ്ണാടിക്കലെ വീട്ടിലെത്തിയപ്പോള്‍ വികാരനിര്‍ഭരമായിരുന്നു ട്വന്റിഫോറിലൂടെ മനാഫിന്റെ പ്രതികരണം. ‘ഞാന്‍ വാക്കുപാലിച്ചിരിക്കുന്നു. സാധാരണക്കാരന്‍ വാക്കുകൊടുക്കുന്നത് രാഷ്ട്രീയക്കാരെപ്പോലെയാകില്ല. സാധാരണക്കാരന് വാക്കുതെറ്റിക്കാന്‍ പറ്റില്ല. അര്‍ജുനെ തിരികെ കൊണ്ടുവരുമെന്നായിരുന്നു എന്റെ വാക്ക്’. മനാഫ് പറഞ്ഞു.

ഈ 72 ദിവസങ്ങള്‍ താന്‍ മഴയേയും വെയിലിനേയും കുടുംബത്തെ പോലും ഓര്‍ത്തിട്ടില്ലെന്ന് മനാഫ് പറുന്നു. വിജയിക്കുക എന്നത് ഒരു സെക്കന്റിന്റെ കാര്യമാണ്. അതിന് പിന്നില്‍ വലിയ ത്യാഗത്തിന്റെ, പരീക്ഷണത്തിന്റെ അപമാനത്തിന്റെ സമയമുണ്ട്. അത് കടന്നാണ് അര്‍ജുനെ വീട്ടില്‍ തിരികെ എത്തിച്ചിരിക്കുന്നതെന്ന് മനാഫ് പറഞ്ഞു. ഇതിനിടെയുണ്ടായ കുത്തുവാക്കുകളും അവഹേളനങ്ങളും തന്നെ വേദനിപ്പിച്ചിട്ടുണ്ട്. ഡ്രൈവര്‍ എന്ന് പറഞ്ഞ് സകലരും പുച്ഛിച്ച മനുഷ്യന് എല്ലാവരും ചേര്‍ന്ന് നല്‍കുന്ന വലിയ യാത്രയയപ്പ് ലോകത്തിന് മാതൃകയാണെന്നും മനാഫ് പറഞ്ഞു.

നിങ്ങള്‍ എന്നെ എങ്ങനെയും അടിച്ചോളൂ. ഞാന്‍ പ്രചരിപ്പിക്കുന്നത് സ്‌നേഹമാണ്. മനാഫ് പറഞ്ഞു. ഈ ദിവസങ്ങള്‍ താന്‍ മറ്റൊന്നും ഓര്‍ത്തിരുന്നില്ല. അര്‍ജുന്‍ വണ്ടിയ്ക്കുള്ളില്‍ ഉണ്ടാകുമെന്നത് തന്റെ വിശ്വാസമായിരുന്നു. അര്‍ജുനെ കിട്ടുക എന്നത് മാത്രമായിരുന്നു തന്റെ 72 ദിവസങ്ങളിലെ ഒരേയൊരു ചിന്ത. ഇപ്പോള്‍ ശരീരത്തില്‍ നിന്ന് വലിയ ഒരു ഭാരം ഒഴിഞ്ഞതുപോലെ തോന്നുന്നു. 72 ദിവസങ്ങള്‍ 72 കൊല്ലത്തിന് സമമായിരുന്നു. അര്‍ജുന്‍ ദൗത്യത്തിന് തടസം നിന്നവരോടൊക്കെ പിണങ്ങേണ്ടി വന്നിട്ടുണ്ട്. ഇന്നീ വീട്ടില്‍ കാണുന്നത് ഒരു മനുഷ്യന് കേരളം നല്‍കുന്ന വിലയാണെന്നും മനാഫ് കൂട്ടിച്ചേര്‍ത്തു.