Top NewsWorld

ഇസ്രയേൽ ആക്രമണത്തിൽ ഹിസ്ബുള്ള കമാൻഡർ ഇബ്രാഹിം മുഹമ്മദ് ഖുബൈസി കൊല്ലപ്പെട്ടു; ലെബനനിൽ മരണസംഖ്യ 569 ആയി

Spread the love

ഇസ്രയേൽ ആക്രമണത്തിൽ ലെബനനിൽ മരണസംഖ്യ 569 ആയി. ബെയ്‌റൂട്ടിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ ഹിസ്ബുള്ള കമാൻഡർ ഇബ്രാഹിം മുഹമ്മദ് ഖുബൈസി കൊല്ലപ്പെട്ടതായി ഹിസ്ബുള്ള സ്ഥിരീകരിച്ചു. വടക്കൻ ഇസ്രയേലിലേക്ക് ഹിസ്ബുള്ള പ്രത്യാക്രമണം നടത്തി. ലെബനന്റെ പരമാധികാരത്തിനുമേലുള്ള ഇസ്രയേലിന്റെ കടന്നുകയറ്റം അംഗീകരിക്കാനാവില്ലെന്ന് അറബ് രാജ്യങ്ങളും ചൈനയും പ്രതികരിച്ചു.

അമേരിക്കയും റഷ്യയും ഫ്രാൻസും സംഘർഷത്തിന് അറുതി വേണമെന്ന് ആവശ്യപ്പെട്ടു. 2006 ന് ശേഷം നടന്ന ഏറ്റവും ക്രൂരമായ ആക്രമണമാണിത്.1975 മുതൽ 1990 വരെ ലെബനനിൽ നടന്ന ജനകീയ പ്രക്ഷോഭത്തിൽ കൊല്ലപ്പെട്ടവരേക്കാൾ കൂടുതൽ പേർ ഇസ്രയേലിൻ്റെ ഒറ്റ ആക്രമണത്തിൽ രാജ്യത്ത് കൊല്ലപ്പെട്ടുവെന്നും ലെബനീസ് ഭരണകൂടം പറയുന്നു.

ഇസ്രയേൽ ആക്രമണം കടുപ്പിച്ചതോടെ ബെയ്റൂത്തിലേക്കുള്ള വിമാനങ്ങൾ റദ്ദാക്കി വിവിധ രാജ്യങ്ങൾ. അമേരിക്ക, ഫ്രാൻസ്, ജർമനി എന്നീ രാജ്യങ്ങളാണ് ബെയ്റൂത്തിലേക്കുള്ള വിമാനസർവീസുകൾ റദ്ദാക്കിയത്. ഗൾഫ് എയർലൈൻസ് ,എമിറേറ്റ്സ്, ഖത്തർ എയർവേയ്സ് സർവീസുകൾ റദ്ദാക്കിയിട്ടുണ്ട്. ലെബനനിലുള്ള പൗരന്മാരോട് രാജ്യം വിടാൻ അമേരിക്ക നിർദേശിച്ചു. ഹിസ്ബുള്ളയ്‌ക്കെതിരായ വ്യോമാക്രമണം വ്യാപിപ്പിക്കുന്നതിന് മുന്നോടിയായി ലെബനൻ പൗരന്മാരോട് ഒഴിഞ്ഞ് പോകണമെന്ന് ആവശ്യപ്പെട്ട് നേരത്തെ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു രം​ഗത്തെത്തിയിരുന്നു.

ഇസ്രയേൽ ബെയ്റൂത്ത് ലക്ഷ്യമിട്ട് ഇസ്രയേൽ വ്യോമാക്രമണം നടത്തിയിരുന്നു. ബെയ്‌റൂട്ടിൻ്റെ തെക്കൻ മേഖലയായ ഗൊബെയ്‌രി ലക്ഷ്യമാക്കി ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ ആറ് പേർ കൊല്ലപ്പെടുകയും 15 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ലെബനൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇസ്രയേൽ ആക്രമണത്തിൽ ലെബനനിൽ കാൽനൂറ്റാണ്ടിനിടയിലെ ഏറ്റവുംവലിയ മനുഷ്യക്കുരുതിയാണുണ്ടായത്.