‘ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ സര്‍ക്കാര്‍ നിശ്ശബ്ദത നിഗൂഢം’ ; രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ സര്‍ക്കാര്‍ നിശ്ശബ്ദത നിഗൂഢമെന്ന് ഹൈക്കോടതി. സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യവുമായി ബന്ധപ്പെട്ട വിധിയിലാണ് പരാമര്‍ശം. ഗുരുതരമായ ആരോപണമാണ് കോടതിയുടെ ഭാഗത്തു നിന്ന് ഉണ്ടായത്. സര്‍ക്കാരിനെ പ്രതിസ്ഥാനത്ത് നിര്‍ത്തുന്ന രീതിയിലാണ് പ്രതികരണം. വാദത്തിനിടെ കേവലമൊരു പരാമര്‍ശമല്ല കോടതി നടത്തിയത്, മറിച്ച് ഉത്തരവില്‍ എഴുതി വെക്കുകയായിരുന്നുവെന്നത് വിമര്‍ശനത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു. 2019ല്‍ ഹേമ കമ്മറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടും അഞ്ച് വര്‍ഷം സര്‍ക്കാര്‍ മൗനം പാലിച്ചുവെന്നാണ് കോടതി പറയുന്നത്. കോടതി ഇടപെട്ടതോടെയാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടതെന്നും അതിന്മേല്‍ തുടര്‍നടപടികള്‍ ഉണ്ടായത് എന്നും ഹൈക്കോടതി ഉത്തരവില്‍ വ്യക്തമാക്കി. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് അതിജീവിതമാര്‍ക്ക് കരുത്ത് നല്‍കുമെന്നും ഹൈക്കോടതി പറഞ്ഞു.
അതേസമയം, സിദ്ദിക്കിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഹൈക്കോടതി നടത്തിയത്. കുറ്റകൃത്യത്തില്‍ സിദ്ദിഖിന് പ്രഥമ ദൃഷ്ട്യാ പങ്കുണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കി. കുറ്റകൃത്യത്തിന്റെ ഗുരുതര സ്വഭാവം, തെളിവുകള്‍ എന്നിവ കണക്കിലെടുത്താല്‍ കസ്റ്റഡിയില്‍ ചോദ്യം ചെയ്യല്‍ അനിവാര്യമെന്നും കോടതി നിരീക്ഷിച്ചു. കേസിന്റെ ശരിയായ അന്വേഷണത്തിനും പ്രതിയെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും പറഞ്ഞു.