KeralaTop News

എം എം ലോറന്‍സിന്റെ മൃതദേഹം തത്ക്കാലം മെഡിക്കല്‍ കോളജിന് വിട്ടുനല്‍കില്ല; മകള്‍ ആശയുടെ ഹര്‍ജി തീര്‍പ്പാക്കി ഹൈക്കോടതി

Spread the love

അന്തരിച്ച മുതിര്‍ന്ന സിപിഐഎം നേതാവ് എം എം ലോറന്‍സിന്റെ മൃതദേഹം മെഡിക്കല്‍ കോളജിന് വിട്ടുനല്‍കരുതെന്നും പള്ളിയില്‍ അടക്കം ചെയ്യണമെന്നും ചൂണ്ടിക്കാട്ടി മകള്‍ ആശ സമര്‍പ്പിച്ച ഹര്‍ജി തീര്‍പ്പാക്കി ഹൈക്കോടതി. മൃതദേഹം നിലവില്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റേണ്ടെന്നും തത്ക്കാലം മോര്‍ച്ചറിയില്‍ സൂക്ഷിക്കണമെന്നുമാണ് കോടതി ഉത്തരവ്. ആശ സമര്‍പ്പിച്ച പരാതി പരിശോധിക്കാന്‍ കോടതി മെഡിക്കല്‍ കോളജിന് നിര്‍ദേശവും നല്‍കിയിട്ടുണ്ട്.

മൃതദേഹം നാലുമണിയോടെ കളമശേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റുമെന്നായിരുന്നു അറിയിച്ചിരുന്നത്. മൃതദേഹം മാറ്റുന്നത് സംബന്ധിച്ച് തര്‍ക്കങ്ങള്‍ ഇപ്പോഴും തുടരുകയാണ്. ആശ മൃതദേഹത്തെ കെട്ടിപ്പിടിച്ച് അരികില്‍ തന്നെ നില്‍ക്കുകയും നേതാക്കളോട് കയര്‍ക്കുകയും ചെയ്‌തോടെ നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. ഇതിനിടെ എം എം ലോറന്‍സിന് ഔദ്യോഗിക ബഹുമതികളോടെ യാത്രയയപ്പ് നല്‍കി.

മൃതദേഹം മെഡിക്കല്‍ കോളജിന് കൈമാറുമെന്ന് ജീവിച്ചിരുന്നപ്പോള്‍ തന്റെ പിതാവ് എവിടെയും പറഞ്ഞിട്ടില്ലെന്നായിരുന്നു ആശയുടെ വാദം. എന്നാല്‍ പിതാവിന്റെ ആഗ്രഹപ്രകാരമാണ് ഇങ്ങനെയൊരു തീരുമാനമെടുത്തതെന്ന് മകന്‍ സജീവും പറയുന്നു. ഇടവകയിലെ അംഗത്വം എം എം ലോറന്‍സ് കളഞ്ഞിരുന്നില്ലെന്നും ലോറന്‍സിനേക്കാള്‍ വലിയ നിരീശ്വരവാദിയായിരുന്ന അദ്ദേഹത്തിന്റെ പിതാവിന്റെ അന്ത്യകര്‍മങ്ങള്‍ ക്രിസ്തീയ ആചാരപ്രകാരമാണ് നടന്നതെന്നും മകള്‍ വാദിക്കുന്നു.