റിപ്പോര്‍ട്ട് വരട്ടെ, മുഖ്യമന്ത്രിയെ പൂര്‍ണ്ണമായി വിശ്വസിക്കുന്നു’ ; വി എസ് സുനില്‍കുമാര്‍
പൂരം കലക്കലുമായി ബന്ധപ്പെട്ട വിഷയത്തില്‍ മുഖ്യമന്ത്രിയെ പൂര്‍ണ്ണമായി വിശ്വസിക്കുന്നുവെന്ന് വി എസ് സുനില്‍കുമാര്‍. മുഖ്യമന്ത്രി പറഞ്ഞതാണ് വിശ്വസിക്കുന്നതെന്നും നിവേദനം ഗൗരവമായി എടുക്കുകയും അതില്‍ റിപ്പോര്‍ട്ട് വേണമെന്നാണ് ആവശ്യപ്പെട്ടിട്ടുള്ളതെന്നും സുനില്‍ കുമാര്‍ പറഞ്ഞു. റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കര്‍ശന നിര്‍ദേശം നല്‍കിയിരിക്കുന്നു എന്നാണ് മുഖ്യമന്ത്രി എന്ന് വെളിപ്പെടുത്തിയത്. സമയം അനുവദിച്ചതും നീണ്ടു പോയതു സംബന്ധിച്ചും പ്രശ്‌നമില്ല. ഒരാഴ്ചക്കുള്ളില്‍ അത് സമര്‍പ്പിക്കണം ഗൗരവമായി എടുത്തു മുഖ്യമന്ത്രി പറയുമ്പോള്‍ അതിന് അങ്ങനെ കാണാം – സുനില്‍ കുമാര്‍ വ്യക്തമാക്കി.
റിപ്പോര്‍ട്ട് വരട്ടെയെന്നും ഇരുപത്തിനാലാം തീയതിക്ക് മുന്‍പായി റിപ്പോര്‍ട്ട് നല്‍കും എന്ന നല്‍കിയ ഉറപ്പ് വിശ്വസിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. റിപ്പോര്‍ട്ട് നീണ്ടുപോയി എന്നുള്ളത് നേരത്തെ തന്നെ എല്ലാവരും പറഞ്ഞതാണെന്നും അതില്‍ പരിഹാരം ഉണ്ടാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും സുനില്‍ കുമാര്‍ വ്യക്തമാക്കി.
ഒരു സ്ഥാനാര്‍ഥി പരാജയപ്പെട്ടതിന്റെ പേരിലുള്ള ജല്‍പനങ്ങള്‍ അല്ല ഇപ്പോള്‍ പറയുന്നതെന്നും തൃശ്ശൂര്‍ക്കാരന്‍ എന്ന നിലയിലുള്ള വികാരമാണെന്നും അദ്ദേഹം വ്യക്തമാക്കി. തൃശ്ശൂര്‍ പൂരം നല്ല നിലയില്‍ നാളെയും പോണം എന്നതുകൊണ്ടാണ് പറയുന്നതെന്നും മറ്റു താല്‍പര്യങ്ങള്‍ തനിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഈ ഗവണ്‍മെന്റില്‍ പൂര്‍ണ്ണ വിശ്വാസമുണ്ട്. അന്നത്തെ സിസിടിവി ദൃശ്യങ്ങള്‍ അടക്കം പരിശോധിക്കണം. അതൊക്കെ പരിശോധിച്ചിട്ട് ആയിരിക്കും റിപ്പോര്‍ട്ട് സമര്‍പ്പിക്കുക. റിപ്പോര്‍ട്ട് വന്നശേഷം കൂടുതല്‍ പ്രതികരണം – സുനില്‍ കുമാര്‍ വ്യക്തമാക്കി.