NationalWorld

ഈശ്വർ മാൽപെ ഗംഗാവലി പുഴയിലിറങ്ങി, തിരച്ചിലിൽ അർജുന്റെ ലോറിയിലെ അക്കേഷ്യ തടിക്കഷ്ണം കണ്ടെടുത്തു

Spread the love

തിരുവനന്തപുരം: മണ്ണിടിച്ചിലിൽ കാണാതായ അർജുന് വേണ്ടി ഗംഗാവലി പുഴയിൽ ഇറങ്ങി പരിശോധന നടത്തുന്ന പ്രാദേശിക മുങ്ങൽ വിദഗ്ധൻ ഈശ്വർ മാൽപെ അക്കേഷ്യ തടിക്കഷ്ണം മുങ്ങിയെടുത്തു. ഷിരൂർ മണ്ണിടിച്ചിലിൽ കാണാതായ അർജുൻ ലോറിയിൽ കൊണ്ട് വന്ന മരക്കഷ്ണങ്ങളാണ് കണ്ടെത്തിയത്. നേരത്തെ നദിക്കരയിൽ നിന്നും തടിക്കഷണങ്ങൾ ലഭിച്ചിരുന്നു. അർജുൻ ലോറിയിൽ കൊണ്ട് വന്ന തടിക്കഷ്ണമാണെന്ന് ലോറി ഉടമ മനാഫും സ്ഥിരീകരിച്ചു.

ഗംഗാവലി പുഴയിൽ ഇറങ്ങി പരിശോധന നടത്താൻ പ്രാദേശിക മുങ്ങൽ വിദഗ്ധൻ ഈശ്വർ മാൽപെക്ക് ആദ്യം കർണാടക അനുമതി നൽകിയിരുന്നില്ല. ഒടുവിൽ ജില്ല ഭരണകൂടവുമായി നിരന്തരം ചർച്ച നടത്തിയ ശേഷമാണ് അനുമതി ലഭിച്ചത്. പുഴയിലെ സാഹചര്യം നിലവിൽ തെരച്ചിലിന് അനുകൂലമാണ്. നേരത്തെ പുഴയിൽ പരിശോധന നടത്തിയ നാവികസേനയും അവരുടെ ഡൈവിംഗ് സംഘവും നിർദേശിച്ച മൂന്ന് പ്രധാന പോയന്‍റുകളിലാണ് ഡ്രഡ്ജറും ക്യാമറയും ഉപയോഗിച്ചുളള തെരച്ചിൽ നടക്കുന്നത്.
മണ്ണിടിച്ചിലിൽ കാണാതായ അ‍ർജുനടക്കം മൂന്നുപേർക്ക് വേണ്ടിയാണ് തെരച്ചിൽ നടത്തുന്നത്. കാർവാറിൽ നിന്ന് എത്തിച്ച ഡ്രഡ്ജർ ഉപയോഗിച്ചാണ് മൂന്നാം ഘട്ടത്തിലെ തെരച്ചിൽ. അർജുന്റെ ലോറിയുടെ ക്യാബിന്‍ കണ്ടെത്തുകയെന്നതാണ് ആദ്യ ലക്ഷ്യം.

ദൌത്യ സ്ഥലത്തേക്ക് അർജുന്റെ സഹോദരിയുമെത്തിയിട്ടുണ്ട്. മൂന്നാം ദൗത്യത്തിൽ ലോറിയുടെ ക്യാബിൻ കിട്ടുമെന്നും അർജുനെ കുറിച്ചുളള വിവരം ലഭിക്കുമെന്നുമുളള പ്രതീക്ഷയിലാണ് കുടുംബം. തങ്ങൾക്കും ഇത് അവസാന പ്രതീക്ഷയാണെന്നും അർജുൻ അപകടത്തിൽപ്പെട്ട സ്ഥലം കാണാനാണ് ഞാനും എത്തിയതെന്നും സഹോദരി അഞ്ജു ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. ദൗത്യത്തിന് ശേഷം കുടുംബാംഗങ്ങൾ മുഴുവനും ഷിരൂരിലേക്ക് എത്തുമെന്നും അഞ്ജു അറിയിച്ചു.