എഡിജിപിയെ ചുമതലയിൽ നിന്ന് നീക്കണം; കടുത്ത നിലപാടുമായി സിപിഐ
എഡിജിപി എം ആർ അജിത് കുമാർ- ആർഎസ്എസ് കൂടിക്കാഴ്ചയിൽ അതൃപ്തി പരസ്യമാക്കി സിപിഐ. ഫാസിസ്റ്റ് സംഘടനയുമായി രഹസ്യ ചർച്ചകൾ നടത്തുന്ന പൊലീസ് മേധാവി ഭരണസംവിധാനത്തിന് കളങ്കമെന്ന് സിപിഐ ദേശീയ നിർവാഹകസമിതി അംഗം കെ പ്രകാശ് ബാബു വിമർശിച്ചു. പാർട്ടി മുഖപത്രം ആയ ജനയുഗത്തിൽ എഴുതിയ ലേഖനത്തിലാണ് വിമർശനം.
ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ രഹസ്യ സന്ദർശനം നടത്തിയത് എന്തിനെന്നറിയാൻ ഏവർക്കും താല്പര്യമുണ്ട്. സന്ദർശന വിവരം പൊലീസ് മേധാവിയെയോ ആഭ്യന്തരവകുപ്പിനെയോ രേഖാമൂലം അറിയിക്കേണ്ടതാണ്, അതിനു ഉദ്യോഗസ്ഥൻ തയ്യാറാകുന്നില്ലെങ്കിൽ നിലവിലെ ചുമതലയിൽ നിന്ന് മാറ്റി നിർത്തണമെന്നും
ഇടതുപക്ഷ രാഷ്ട്രീയ നയ സമീപനങ്ങൾ ജനങ്ങളിൽ സംശയങ്ങൾ ജനിപ്പിക്കുന്നതാകരുതെന്നും പ്രകാശ് ബാബു പറഞ്ഞു.
അതേസമയം, എഡിജിപി എം ആർ അജിത് കുമാറിനെതിരായ പരാതികളിൽ അന്വേഷണം വേണ്ടെന്ന് വിജിലൻസ് വ്യക്തമാക്കി. തങ്ങൾക്ക് നേരിട്ട് ലഭിച്ച പരാതികളിൽ അന്വേഷണം വേണ്ടെന്നാണ് വിജിലൻസ് നിലപാട്. അജിത് കുമാറിനെതിരെ ലഭിച്ച അനധികൃത സ്വത്തുസമ്പാദന പരാതികളിലാണ് വിജിലൻസ് തീരുമാനം. പ്രത്യേക സംഘമുള്ളതിനാൽ വിജിലൻസ് ഇടപെടേണ്ട കാര്യമില്ലെന്നാണ് വിലയിരുത്തൽ. അന്വേഷണം വേണമെങ്കിൽ സർക്കാർ നിർദേശിക്കട്ടെയെന്നാണ് വിജിലൻസ് തീരുമാനം. പ്രാഥമിക പരിശോധനക്ക് ശേഷമാണ് വിജിലൻസ് അന്വേഷണം വേണ്ടെന്ന നിലപാടിലേക്കെത്തിയത്.