KeralaTop News

എം പോക്സ് ജാഗ്രത; ആരോഗ്യമന്ത്രി മലപ്പുറത്ത്, ഇന്ന് ജനപ്രതിനിധികളുടെ യോഗം ചേരും

Spread the love

മലപ്പുറം ജില്ലയില്‍ എം പോക്സ് സ്ഥിരീകരിച്ചതിന് പിന്നാലെ സംസ്ഥാനം കനത്ത ജാഗ്രതയില്‍. രോഗിയുമായി സമ്പർക്കമുള്ള മുപ്പതോളം പേരെ തിരിച്ചറിഞ്ഞു. ഇതിൽ ആറുപേർ വിദേശത്താണ്. സംസ്ഥാനത്തുള്ളവരെ പ്രത്യേക നിരീക്ഷണത്തിലാക്കി. സാഹചര്യം വിലയിരുത്താന്‍ ആരോഗ്യമന്ത്രി മലപ്പുറത്തെത്തി.
അതേസമയം എം പോക്സ് സ്ഥിരീകരിച്ചതിന് പിന്നാലെ മലപ്പുറം ജില്ലയില്‍ ഇന്ന് ജനപ്രതിനിധികളുടെ യോഗം ചേരും. മന്ത്രി വീണാ ജോർജ് പങ്കെടുക്കും. ഉച്ചക്കു ശേഷമാണ് ജനപ്രതിനിധികളുടെ യോഗം ചേരുക

ദുബായിൽ നിന്നെത്തിയ മലപ്പുറം സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഈ സാഹചര്യത്തിൽ മറ്റ് രാജ്യങ്ങളില്‍ നിന്നും കേരളത്തിലെത്തുന്നവര്‍ക്ക് ഉള്‍പ്പെടെ രോഗലക്ഷണങ്ങളുണ്ടെങ്കിൽ ചികിത്സ തേടണമെന്ന ആരോഗ്യ മന്ത്രി വീണാ ജോർജ് നിർദേശിച്ചു.

ആഫ്രിക്കയിലെ പല രാജ്യങ്ങളിലുള്‍പ്പെടെ എംപോക്‌സ് റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ കേന്ദ്ര മാര്‍ഗനിര്‍ദേശങ്ങളനുസരിച്ച് സംസ്ഥാനത്തെ എല്ലാ എയര്‍പോര്‍ട്ടുകളിലും സര്‍വൈലന്‍സ് ശക്തമാക്കിയിരുന്നു. രോഗം റിപ്പോര്‍ട്ട് ചെയ്ത രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ക്ക് എന്തെങ്കിലും രോഗലക്ഷണങ്ങള്‍ ഉണ്ടായാല്‍ എയര്‍പോര്‍ട്ടില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ നിര്‍ദേശം നല്‍കിയിരുന്നു.

2022ല്‍ എംപോക്‌സ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ സംസ്ഥാനം സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് പ്രോസീജിയര്‍ പുറത്തിറക്കിയിരുന്നു. അതനുസരിച്ചുള്ള ഐസൊലേഷന്‍, സാമ്പിള്‍ കളക്ഷന്‍, ചികിത്സ എന്നിവയെല്ലാം ഉറപ്പ് വരുത്തിയിട്ടുണ്ട്. എല്ലാ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളും പ്രോട്ടോകോള്‍ കൃത്യമായി പാലിക്കണമെന്നും മന്ത്രി പറഞ്ഞു.