Top NewsWorld

ലെബനനിലെ സ്‌ഫോടനം; പേജർ നിർമിച്ചെന്ന വാർത്ത തള്ളി തായ്‌വാൻ കമ്പനി ഗോൾഡ് അപ്പോളോ

Spread the love

ലെബനനില്‍ ഹിസ്ബുള്ള അംഗങ്ങള്‍ ഉപയോഗിക്കുന്ന ആശയവിനിമയ ഉപകരണമായ പേജറുകള്‍ പൊട്ടിത്തെറിച്ചുള്ള ആക്രമണത്തില്‍ പ്രതികരണവുമായി തായ്‌വാൻ കമ്പനി ഗോൾഡ് അപ്പോളോ.പൊട്ടിത്തെറിച്ച പേജറുകളോ ഭാഗങ്ങളോ തങ്ങളുടേതല്ലെന്ന് കമ്പനി മേധാവി സു ചിൻ ക്വാങ് പറഞ്ഞു. ലെബനനിൽ കഴിഞ്ഞ ദിവസം പൊട്ടിത്തെറിച്ച പേജറുകൾ തായ്‌വാൻ കമ്പനി ഗോൾഡ് അപ്പോളോ നിർമിച്ചതാണെന്ന റിപ്പോർട്ടുകൾ വന്നതിന്റെ അടിസ്ഥാനത്തിലാണ് വിശദീകരണം.

ഇസ്രയേലി ചാരസംഘടനയായ മൊസദ് സ്ഫോടക വസ്തുക്കൾ ഒളിപ്പിച്ച 5,000 പേജറുകൾ മാസങ്ങൾക്ക് മുൻപ് ഇറക്കുമതി ചെയ്തിരുന്നുവെന്നാണ് വാർത്ത. ഈ പേജറുകൾ ഗോൾഡ് അപ്പോളോ എന്ന കമ്പനിയിൽ നിന്ന് ഓർഡർ ചെയ്തതാണെന്നാണ് ലെബനീസ് സുരക്ഷാ സംഘത്തിലെ ഉദ്യോഗസ്ഥർ പറഞ്ഞത്. ഗോൾഡ് അപ്പോളോ ബ്രാൻഡിങ്ങിൽ ഉത്പന്നങ്ങൾ നിർമിക്കുന്ന യൂറോപ്യൻ കമ്പനിയാണ് നിർമാണത്തിന് പിന്നിലെന്ന് ഗോൾഡ് അപ്പോളോ സ്ഥാപകൻ റോയിട്ടേഴ്സിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. അതിന്റെ ഉത്തരവാദിത്തം തങ്ങൾക്ക് ഏറ്റെടുക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. AP924 എന്ന മോഡലുകളാണ് പൊട്ടിത്തെറിച്ചതെന്ന് ചിത്രം പങ്കിട്ടുകൊണ്ട് ലെബനീസ് സെക്യൂരിറ്റി വിഭാഗം പറഞ്ഞിരുന്നു.

അതേസമയം, ചൊവ്വാഴ്ച വൈകീട്ടാണ് ലെബനനിലുടനീളവും സിറിയയുടെ ചില ഭാഗങ്ങളിലും ആശയവിനിമയ ഉപകരണമായ പേജറുകള്‍ പൊട്ടിത്തെറിച്ചത്. ഹിസ്ബുള്ള അംഗങ്ങള്‍ ഉപയോഗിക്കുന്ന പേജറുകള്‍ ഹാക്ക് ചെയ്താണ് സ്‌ഫോടനം നടത്തിയത് എന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍.

ഹിസ്ബുള്ള അംഗങ്ങള്‍ സെല്‍ഫോണുകള്‍ ഉപയോഗിക്കരുതെന്ന് അവരുടെ നേതാവ് ഹസന്‍ നസ്രുള്ളയുടെ നിര്‍ദേശമുണ്ടായിരുന്നു. ശത്രുക്കള്‍ക്ക് തങ്ങളെ നിരീക്ഷിക്കാന്‍ ഇതുവഴി സാധിക്കുമെന്നതിന്റെ അടിസ്ഥാനത്തിലായിരുന്നു ഈ നിര്‍ദേശം. പകരം ആശയ വിനിമയത്തിനായി പേജറുകളാണ് ഹിസ്ബുള്ള അംഗങ്ങള്‍ ഉപയേഗിച്ചിരുന്നത്. ഈ ഉപകരണങ്ങളാണ് ഇപ്പോള്‍ വ്യാപകമായി പൊട്ടിത്തെറിച്ചിരിക്കുന്നത്.

സ്‌ഫോടനത്തിന്റെയും പരിക്കേറ്റവരുടെയും ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങള്‍ വഴി വ്യാപകമായി പ്രചരിക്കുന്നുമുണ്ട്. ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പടെയുള്ളവരോട് പേജറുകള്‍ ഉപയോഗിക്കുന്നത് ഒഴിവാക്കാനും നിര്‍ദേശമുണ്ട്.