ആന്ധ്രയിലും തെലങ്കാനയിലും പ്രളയം; മരണം 27 ആയി
ദുരന്തം വിതച്ച ആന്ധ്രാപ്രദേശ്, തെലങ്കാന പ്രളയത്തിൽ മരണസംഖ്യ 27 ആയി. തെലങ്കാനയിൽ 15 പേരും ആന്ധ്രയിൽ 12 പേരുമാണ് പ്രളയത്തിൽ മരണപ്പെട്ടത്. ഇരുസംസ്ഥാനങ്ങളിലെയും വിവിധ ഭാഗങ്ങളിൽ നിന്ന് 17,000-ത്തിലധികം ആളുകളെ ക്യാമ്പുകളിലേക്ക് മാറ്റിയിരിക്കുകയാണ്. സംസ്ഥാനത്തുടനീളം പെയ്യുന്ന തുടർച്ചയായ മഴയാണ് വ്യാപകമായ വെള്ളപ്പൊക്കത്തിലേക്ക് നയിച്ചത്. പലയിടങ്ങളിലെയും റെയിൽ പാളങ്ങൾ ഒലിച്ചുപോയസാഹചര്യത്തിൽ 140 ട്രെയിനുകൾ റദ്ദാക്കുകയും പലതും വഴിതിരിച്ചുവിടുകയും ചെയ്തു. കനത്ത മഴയും വെള്ളപ്പൊക്കവും കാരണം റോഡ് അടച്ചിട്ടിരുന്നു.
ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി എന്നിവരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിച്ച് കാര്യങ്ങൾ വിലയിരുത്തി. വരും ദിവസങ്ങളിൽ കൂടുതൽ മഴ പ്രതീക്ഷിക്കുന്നതിനാൽ കേന്ദ്രത്തിൽ നിന്ന് സാധ്യമായ എല്ലാ സഹായവും അദ്ദേഹം അവർക്ക് ഉറപ്പ് നൽകി.
അതേസമയം, സെപ്റ്റംബർ 2 മുതൽ 5 വരെ നാല് ദിവസത്തേക്ക് ആന്ധ്രാപ്രദേശിൻ്റെ ചില ഭാഗങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നു. തെലങ്കാനയിലും അതിശക്തമായ മഴയ്ക്കുള്ള സമാനമായ കാലാവസ്ഥയാണ് പ്രതീക്ഷിക്കുന്നത്.