വനിതാ ഡോക്ടറുടെ കൊലപാതകം: പശ്ചിമ ബംഗാളിൽ ബിജെപി ബന്ദ് ആരംഭിച്ചു
പശ്ചിമ ബംഗാളിൽ ബിജെപി ആഹ്വാനം ചെയ്ത ബന്ദ് ആരംഭിച്ചു. രാവിലെ ആറ് മുതൽ വൈകിട്ട് ആറു വരെ 12 മണിക്കൂർ ബന്ദിനാണ് ബിജെപി ആഹ്വാനം ചെയ്തത്. അതേസമയം ബന്ദ് ആഹ്വാനം തള്ളിയ സംസ്ഥാന സർക്കാർ, സർക്കാർ സ്ഥാപനങ്ങൾ അടക്കമുള്ള തുറന്നു പ്രവർത്തിക്കുമെന്ന് വ്യക്തമാക്കി. ബംഗാൾ പൊലീസിന് കർശന ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്.
വനിത ഡോക്ടറുടെ ബലാത്സംഗ കൊലപാതക കേസിൽ, മുഖ്യമന്ത്രി മമത ബാനർജിയുടെ രാജി ആവശ്യപ്പെട്ടു കഴിഞ്ഞ ദിവസം നടത്തിയ പ്രതിഷേധം അക്രമാസക്തമായ പശ്ചാതലത്തിൽ നിരവധി ബിജെപി പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് ബിജെപിയുടെ ബന്ദ്. അക്രമങ്ങളെ തുടർന്ന് 200 ഓളം പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സംഘർഷത്തിൽ 29 പൊലീസുകാർക്ക് പരുക്കേറ്റു.
സംഭവത്തിൽ ബംഗാൾ സർക്കാരിനെതിരെ കടുത്ത വിമർശനവുമായി ഗവർണർ സി വി ആനന്ദബോസ് രംഗത്ത് വന്നു.സമാധാനപരമായി പ്രതിഷേധിച്ചവരെയാണ് പൊലീസ് ക്രൂരമായി നേരിട്ടതെന്നും, ദേശീയ പതാകയും,ദേശീയ വികാരവും അപമാനിക്കപ്പെട്ടുവെന്നും ഇത് അവസാനത്തിന്റെ തുടക്കമാണെന്നും ഗവർണർ പ്രതികരിച്ചു.