MGM വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മൂന്ന് പതിറ്റാണ്ട്; ഡോ.ഗീവർഗീസ് യോഹന്നാന്റെ പ്രവാസ ജീവിതത്തിന്റെ അൻപതാണ്ട്; ആഘോഷ വേളയിൽ വിവിധ പദ്ധതികൾ പ്രഖ്യാപിച്ചു
എം.ജി.എം വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മൂന്ന് പതിറ്റാണ്ടും സ്ഥാപക ചെയർമാൻ ഡോ.ഗീവർഗീസ് യോഹന്നാന്റെ പ്രവാസ ജീവിതത്തിന്റെ അൻപതാണ്ടും ആഘോഷിക്കുന്ന വേളയിൽ വിവിധ പദ്ധതികൾ പ്രഖ്യാപിച്ചു. വയനാട് ദുരന്ത മേഖലയിലെ 30 കുട്ടികൾക്ക് സൗജന്യ വിദ്യാഭ്യാസ പദ്ധതി നടപ്പാക്കും. തിരുവനന്തപുരം കഴക്കൂട്ടത്ത് എം.ജി.എം ഡിഫറന്റലി ഏബിൾസ് സ്കൂൾ ആരംഭിക്കും. ഓട്ടിസമടക്കമുള്ള മാനസിക വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്ക് പഠിക്കാനും സർഗശേഷി ഉണർത്താനുമുള്ള സൗജന്യ പഠന സൗകര്യങ്ങളാണ് ഇവിടെ സജ്ജമാക്കുക.
മമ്മൂട്ടിയുമായി ചേർന്ന് നടത്തുന്ന കെയർ ആൻഡ് ഷെയർ വിദ്യാമൃതം സൗജന്യ വിദ്യാഭ്യാസ പദ്ധതി വിപുലമാക്കും. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന 250 വിദ്യാർത്ഥികൾക്ക് ഈ വർഷം എം.ജി.എമ്മിന്റെ 11 കോളേജുകളിൽ നൂറ് ശതമാനം സ്കോളർഷിപ്പോടെ പഠിക്കാനാണ് വിദ്യാമൃതം ലക്ഷ്യമിടുന്നത്. ആഘോഷ പരിപാടികൾ 31ന് വൈകിട്ട് 3ന് കൊട്ടാരക്കര മൈലം എം.ജി.എം സ്കൂളിൽ നടക്കും. ഓർത്തഡോക്സ് സഭ അധ്യക്ഷൻ ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ അദ്ധ്യക്ഷത വഹിക്കും. ഗോവ ഗവർണർ പി.എസ്.ശ്രീധരൻ പിള്ള ജൂബിലി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യും. മന്ത്രി കെ.എൻ.ബാലഗോപാൽ മുഖ്യ പ്രഭാഷണം നടത്തും. മന്ത്രി വീണാ ജോർജ്ജ്, കൊടിക്കുന്നിൽ സുരേഷ് എം.പി, മാതൃഭൂമി ഡയറക്ടർ എം.എസ്.മയൂര, എ.ജയകുമാർ, ഭദ്രാസനാധിപൻ യൂഹാനോൻ മാർ തേവോദോറോസ് മെത്രാപ്പൊലീത്ത, ഡോ.ഗീവർഗീസ് യോഹന്നാൻ, പ്രൊഫ.ഡോ.സിറിയക് തോമസ്, ജാബ്സൺ വർഗീസ് എന്നിവർ സംസാരിക്കും.
ഡോ.ഗീവർഗീസ് യോഹന്നാന്റെ ആത്മകഥ ‘ആകയാൽ സ്നേഹംമാത്രം’ കാതോലിക്കാ ബാവ ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ മുൻ അംബാസിഡർ ടി.പി.ശ്രീനിവാസന് നൽകി പ്രകാശനം ചെയ്യും. ഇന്ത്യയിലെ ഒമാൻ അംബാസിഡർ ഇസ്സ സാല അബ്ദുള്ള അൽ ഷിബാനി പ്രവാസ ജീവിതത്തിന്റെ കനകജൂബിലി ആദരവ് ഡോ.ഗീവർഗീസ് യോഹന്നാന് സമർപ്പിക്കും. ഇടുക്കി ഭദ്രാസനാധിപൻ സഖറിയ മാർ സേവേറിയോസ് മെത്രാപ്പൊലീത്ത പുസ്തക പരിചയം നടത്തും.