Friday, January 24, 2025
Latest:
NationalTop News

മിസ് ഇന്ത്യ സൗന്ദര്യ മത്സരത്തില്‍ ദളിത്, ഗോത്രവിഭാഗങ്ങളില്ലെന്ന പ്രസ്താവന; രാഹുലിനെ ‘ബാല ബുദ്ധി’ എന്ന് പരിഹസിച്ച് കിരണ്‍ റിജിജു

Spread the love

മിസ് ഇന്ത്യ സൗന്ദര്യ മത്സരത്തില്‍ ദളിത്, ഗോത്ര, ഒബിസി വിഭാഗങ്ങളില്‍ നിന്നുള്ള സ്ത്രീകള്‍ ഉണ്ടായിട്ടില്ലെന്ന രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തെ ‘ബാല ബുദ്ധി’ എന്ന് പരിഹസിച്ച് കേന്ദ്ര ന്യൂനപക്ഷ കാര്യ മന്ത്രി കിരണ്‍ റിജിജു. രാഹുല്‍ ഗാന്ധി വസ്തുതകള്‍ പരിശോധിക്കണമെന്ന് പറഞ്ഞ റിജിജു, ദ്രൗപതി മുര്‍മു ഗോത്ര വിഭാഗത്തില്‍ നിന്നുള്ള ആദ്യ പ്രസിഡന്റ് ആണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ഒബിസി വിഭാഗത്തില്‍ നിന്നാണെന്നും പട്ടിക ജാതി പട്ടിക വര്‍ഗ വിഭാഗത്തില്‍ നിന്നുള്ള നിരവധി കാബിനറ്റ് മന്ത്രിമാരുണ്ടെന്നും ഓര്‍മിപ്പിച്ചു.

മിസ് ഇന്ത്യ മത്സരം, ചലച്ചിത്രം, കായികം തുടങ്ങിയ മേഖലകളില്‍ അദ്ദേഹത്തിനിപ്പോള്‍ സംവരണം വേണം. രാഹുല്‍ ഗാന്ധിയുടെ ഈ പ്രസ്താവനകള്‍ ‘ബാല ബുദ്ധി’യുടെ പ്രശ്‌നം മാത്രമല്ല. അദ്ദേഹത്തിനായി ജയ് വിളിക്കുന്നവര്‍ക്കും ഇതില്‍ ഉത്തരവാദിത്വമുണ്ട്. കുട്ടിത്തം വിനോദത്തിന് നല്ലതാണ്. എന്നാല്‍ നിങ്ങളുടെ ഭിന്നിപ്പിക്കല്‍ തന്ത്രങ്ങള്‍ക്ക് വേണ്ടി പിന്നാക്ക വിഭാഗക്കാരെ കളിയാക്കരുത്,’ കിരണ്‍ റിജിജു പറഞ്ഞു. ‘രാഹുല്‍ജി, സര്‍ക്കാരല്ല മിസ് ഇന്ത്യയെ തെരഞ്ഞെടുക്കുന്നത്. ഒളിമ്പിക്‌സിന് വേണ്ടി കായിക താരങ്ങളെയും സിനിമകള്‍ക്ക് വേണ്ടി അഭിനേതാക്കളെയും തെരഞ്ഞെടുക്കുന്നത് ഗവണ്‍മെന്റല്ല’ – റിജിജു കൂട്ടിച്ചേര്‍ത്തു.

ദളിത്, ഗോത്ര വര്‍ഗവിഭാഗത്തില്‍ നിന്നുള്ള സ്ത്രീകള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നറിയാന്‍ മിസ് ഇന്ത്യ പട്ടിക ഞാന്‍ പരിശോധിച്ചുവെന്നും എന്നാല്‍ ഈ വിഭാഗത്തില്‍ നിന്നുള്ള ആരുമില്ലെന്നുമാണ് രാഹുല്‍ഗാന്ധി പറഞ്ഞത്. കര്‍ഷകരുടെയും തൊഴിലാളികളുടെയും കാര്യത്തില്‍ താല്‍പര്യം കാണിക്കാതെ നൃത്തം, സംഗീതം, ക്രിക്കറ്റ്, ബോളിവുഡ് തുടങ്ങിയ വിഷയങ്ങളില്‍ വ്യാപൃതരായിരിക്കുന്ന മാധ്യമങ്ങളെയും അദ്ദേഹം വിമര്‍ശിച്ചിരുന്നു. ജാതി സെന്‍സസുമായി ബന്ധപ്പെട്ട വിഷയത്തില്‍ സംസാരിക്കവേയാണ് ഇത്തരമൊരു ഉദാഹരണം രാഹുല്‍ഗാന്ധി ചൂണ്ടിക്കാട്ടിയത്. ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജില്‍ വച്ചു നടന്ന സംവിധാന്‍ സമ്മാന്‍ സമ്മേളനില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.