KeralaTop News

ഒരു സ്ത്രീ ആരോപണം ഉന്നയിക്കുമ്പോൾ ആദ്യം നിജസ്ഥിതി മനസിലാക്കണം, ശേഷം നടപടി; രഞ്ജിത്തിനെതിരായ ആരോപണത്തിൽ മന്ത്രി

Spread the love

കൊച്ചി: രഞ്ജിത്തിനെതിരായ ബംഗാളി നടി ശ്രീലേഖ മിത്രയുടെ ആരോപണത്തിലെ വസ്തുതകൾ പരിശോധിക്കണമെന്ന് മന്ത്രി ബിന്ദു. ഒരു സ്ത്രീ ഇത്തരം ആരോപണം ഉന്നയിക്കുമ്പോൾ നിജ സ്ഥിതി മനസിലാക്കണം. അതിന് ശേഷം തുടർ നടപടികൾ എടുക്കും. ചില മാധ്യമങ്ങളിൽ വന്ന വിവരങ്ങൾ മാത്രമാണ് സർക്കാരിന് മുന്നിലുളളത്. ഉത്തരവാദിത്തപ്പെട്ട സർക്കാരിന് എല്ലാം പരിശോധിച്ച ശേഷമേ നടപടികൾ എടുക്കാൻ സാധിക്കു. ഇതിൽ അന്തിമ അഭിപ്രായം പറയേണ്ടത് സാംസ്‌കാരിക വകുപ്പും മുഖ്യമന്ത്രിയുമാണെന്നും മന്ത്രി ബിന്ദു വ്യക്തമാക്കി.

അതേ സമയം, ബംഗാളി നടി ശ്രീലേഖ മിത്രയുടെ ആരോപണത്തിൽ ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിനെ സംരക്ഷിച്ച് മന്ത്രി സജി ചെറിയാന്‍ രംഗത്തെത്തി. രഞ്ജിത്ത് ഇന്ത്യ കണ്ട പ്രഗത്ഭനായ കലാകാരനാണെന്നും വസ്തുത പരിശോധിക്കേണ്ടതുണ്ടെന്നുമാണ് മന്ത്രിയുടെ പ്രതികരണം. ആക്ഷേപത്തില്‍ കേസെടുക്കില്ല, പരാതി ഉണ്ടെങ്കിൽ കേസെടുക്കാമെന്നും മന്ത്രി സജി ചെറിയാന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. സര്‍ക്കാര്‍ ഇരയ്‌ക്കൊപ്പമാണ് വേട്ടക്കാർക്കൊപ്പമല്ലെന്ന് പറഞ്ഞ മന്ത്രി. പരാതി തരുന്ന മുറയ്ക്ക് മാത്രം നടപടിയെന്ന നിലപാടിലാണ്. കുറ്റം ചെയ്യുന്നവർക്കെതിരെ വിട്ടു വീഴ്ച ഉണ്ടാകില്ല. എന്നാല്‍, നടപടി എടുക്കാന്‍ രേഖമൂലം പരാതി വേണം. നിയമപരമായ കാര്യങ്ങൾ പരിശോധിച്ചേ തീരുമാനത്തിൽ എത്താൻ ആകൂവെന്ന് മന്ത്രി പ്രതികരിച്ചു. മീഡിയ വഴി ഉന്നയിച്ച മൊഴിയിൽ കേസെടുക്കാൻ കഴിയില്ലെന്ന് പറ‍‍ഞ്ഞ സജി ചെറിയാന്‍, രഞ്ജിത്ത് അത് നിഷേധിച്ചില്ലെ എന്നും ചോദിച്ചു.