KeralaTop News

പാലുകാച്ചൽ ചടങ്ങിന് മുൻപ് പണി കൊടുത്ത് ഓട്ടോമാറ്റിക് ഡോർ, രക്ഷകരായി അഗ്നിരക്ഷാസേന

Spread the love

കൊച്ചി: ജോലി കഴിഞ്ഞ് പുറത്തിറങ്ങി, വീടിന്റെ വാതിൽ ലോക്കായി, റോപ് ജംപ് നടത്തി രക്ഷകരായി ഫയർ ഫോഴ്സ്. കൊച്ചിയിലെ സ്റ്റേഡിയം ലിങ്ക് റോഡിലുള്ള സ്കൈലൈൻ എപിക് ടവറിലെ വീടിന്റെ പാലുകാച്ചൽ നടക്കുന്നതിന് മുന്നോടിയായി അന്തിമഘട്ട ജോലികൾ പൂർത്തിയാകുന്നതിനിടെയാണ് സംഭവം. എപിക് ടവറിലെ ആറാം നിലയിലുള്ള സുജിത്ത് ജോസഫ് എന്നയാളുടെ വീടിന്റെ മുൻവശത്തെ ഓട്ടോമാറ്റിക് ഡോറാണ് ലോക്കായിപ്പോയത്.

ഇന്ന് പാലുകാച്ചൽ നടക്കേണ്ട ഫ്ലാറ്റിന് അകത്ത് കയറാൻ പോലും സാധിക്കാത്ത അവസ്ഥയിലാണ് വീട്ടുകാരുണ്ടായിരുന്നത്. ശുചീകരണം കഴിഞ്ഞ് ജോലിക്കാർ പുറത്തിറങ്ങിയപ്പോൾ ഡോർ ലോക്ക് ആയിപ്പോയി. ഇതോടെ വീട്ടുകാർ അടുത്തുള്ള ഗാന്ധിനഗർ ഫയർ സ്റ്റേഷനിൽ എത്തി വിവരം അറിയിച്ചു. പിന്നാലെ സ്റ്റേഷനിൽ നിന്നും ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ജി സുരേഷ് കുമാറിന്റെ നേതൃത്വത്തിൽ ജീവനക്കാരെത്തി ഏഴാം നിലയിൽ നിന്നും ആറാം നിലയിലേക്ക് റോപ് ജംപ് നടത്തി ബാൽക്കണിയിലൂടെ ഫ്ലാറ്റിനകത്തു കടന്നു ഫ്രണ്ട് ഡോർ തുറന്നു. ഇതോടെയാണ് വീട്ടുകാർക്ക് ആശ്വാസമായത്.