National

മറ്റു രാജ്യങ്ങൾ കൈവിട്ടു; ഷെയ്ഖ് ഹസീനയെ കൈവിടാതെ ഇന്ത്യ, സുരക്ഷിത സ്ഥലത്തേക്ക് മാറ്റി

Spread the love

ദില്ലി: കലാപത്തെ തുടർന്ന് രാജിവെച്ച് ഇന്ത്യയിലെത്തിയ ബം​ഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് തൽക്കാലം ഇന്ത്യ അഭയം നൽകിയേക്കും. മറ്റു രാജ്യങ്ങളിലേക്ക് പോകുന്നതിനുള്ള ചർച്ച വിജയിക്കാത്ത സാഹചര്യത്തിലാണിത്. ഇതോടെ ഷെയ്ഖ് ഹസീനയെ എയർഫോഴ്സ് സ്റ്റേഷനിൽ നിന്ന് സുരക്ഷിത സ്ഥലത്തേക്ക് മാറ്റിയിരിക്കുകയാണ്. അതിനിടെ, ബംഗ്ലാദേശിലെ ഇടക്കാല സർക്കാരിന്റെ മുഖ്യ ഉപദേഷ്ടാവാകാൻ നോബേൽ ജേതാവ് മുഹമ്മദ് യൂനുസ് സമ്മതമറിയിച്ചുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.

പാർലമെന്റ് പിരിച്ചുവിട്ട പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീൻ ഷെയ്ഖ് ഹസീനയുടെ മുഖ്യ രാഷ്ട്രീയ എതിരാളി ബീഗം ഖാലിദ സിയയെ ജയിലിൽ നിന്ന് മോചിപ്പിച്ചു. ഇടക്കാല സർക്കാർ രൂപീകരണ ചർച്ചകൾ പുരോഗമിക്കുകയാണെങ്കിലും ഷെയ്ഖ് ഹസീനയെ പുറത്താക്കിയ ബംഗ്ലാദേശിൽ രാഷ്ട്രീയ അനിശ്ചിതത്വം തുടരുകയാണ്. വിദ്യാർത്ഥി സംഘടന പ്രതിനിധികളും രാഷ്ട്രീയ പാർട്ടി ഭാരവാഹികളും സൈനിക നേതൃത്വവുമായി ചർച്ച നടത്തിയ ശേഷം പ്രസിഡന്‍റ് മുഹമ്മദ് ഷഹാബുദ്ദീൻ പാർലമെന്റ് പിരിച്ചുവിട്ടുകൊണ്ട് ഉത്തരവിറക്കുകയായിരുന്നു. അഴിമതിക്കേസുകളിൽ ജയിലായിരുന്ന ഷെയ്ഖ് ഹസീനയുടെ മുഖ്യ രാഷ്ട്രീയ എതിരാളിയും മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രിയുമായ ബംഗ്ലാദേശ് നാഷണൽ പാർട്ടി നേതാവ് ബീഗം ഖാലിദ സിയയെ മോചിപ്പിച്ചതായും പ്രസിഡന്‍റ് അറിയിച്ചിട്ടുണ്ട്. അറസ്റ്റ് ചെയ്യപ്പെട്ട മുഴുവൻ പേരെയും ജയിൽ മോചിതരാക്കുമെന്നും പ്രസിഡന്‍റ് പ്രഖ്യാപിച്ചു. വിദ്യാർത്ഥി സംഘടന നേതാക്കൾക്ക് സ്വീകാര്യനായ സമാധാന നോബേല്‍ ജേതാവ് മുഹമ്മദ് യൂനുസ് ഇടക്കാല സര്‍ക്കാരിന്‍റെ മുഖ്യ ഉപദേഷ്ടാവാകാൻ സമ്മതമറിയിച്ചു കഴിഞ്ഞു. ചികിത്സാര്‍ത്ഥം പാരിസിലുള്ള യൂനുസ് വൈകാതെ ബംഗ്ലാദേശിലെത്തും. ഷെയ്ഖ് ഹസീനയ്ക്ക് യുകെ രാഷ്ട്രീയ അഭയം നൽകില്ലെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം.

ആദ്യമെത്തിയ സുരക്ഷിത രാജ്യം ഏതാണോ അവിടെ തന്നെ തുടരുന്നതായിരിക്കും നല്ലതെന്നാണ് യുകെ ആഭ്യന്തര വകുപ്പ് വക്താവ് ഒരു ഇന്ത്യൻ ഇംഗ്ലീഷ് മാധ്യമത്തോട് പറഞ്ഞത്. വക്താവ് ഇങ്ങനെ പറയുമ്പോഴും ഔദ്യോഗികമായി രാഷ്ട്രീയ അഭയം തേടാനുള്ള നടപടികൾ പിന്നണിയിൽ പുരോഗമിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. ഇതിനിടെ രാജ്യത്തെ പൊലീസ് ഉദ്യോഗസ്ഥ‌ർ സമരം പ്രഖ്യാപിച്ചു. പൊലീസ് ഉദ്യോഗസ്ഥരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ടാണ് ബംഗ്ലാദേശ് പൊലീസ് അസോസിയേഷന്റെ സമരം. വിദ്യാർത്ഥി സമരക്കാർക്ക് നേരെ വെടിവയ്പ്പും ബലപ്രയോഗവും നടത്തിയതിനും പൊലീസ് അസോസിയേഷൻ മാപ്പ് അപേക്ഷിച്ചിട്ടുണ്ട്. വെടിവയ്ക്കാൻ ഉദ്യോഗസ്ഥർ നിർബന്ധിക്കപ്പെടുകയായിരുന്നുവെന്നാണ് വിശദീകരണം. 300ലധികം വിദ്യാ‍ർത്ഥികളാണ് പൊലീസ് വെടിവയ്പ്പിൽ കൊല്ലപ്പെട്ടത്.