വിഡി സതീശന്‍ കടുപ്പിച്ചു; നേതാക്കള്‍ തമ്മിലുള്ള ഭിന്നിപ്പില്‍ അച്ചടക്കനടപടികളിലേക്ക് നേതൃത്വം,റിപ്പോർട്ട് തേടി
തിരുവനന്തപുരം: കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ തമ്മിലുള്ള ഭിന്നിപ്പില്‍ സമാനതകളില്ലാത്ത അച്ചടക്ക നടപടികളിലേക്ക് കേന്ദ്ര നേതൃത്വം നീങ്ങുന്നത് വിഡി സതീശന്‍റെ കടുംപിടുത്തം കാരണം. അപമാനിതനായി മുന്നോട്ടുപോകാനാകില്ലെന്ന നിലപാട് കേന്ദ്രനേതാക്കളെ അറിയിച്ചതോടെയാണ് അന്വേഷണ റിപ്പോര്‍ട്ട് നല്‍കാന്‍ എഐസിസി ആവശ്യപ്പെട്ടത്. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അധ്യക്ഷനായ അച്ചടക്ക സമിതിയാണ് വാര്‍ത്ത ചോര്‍ത്തല്‍ അന്വേഷിക്കുന്നത്
പാര്‍ട്ടിയോഗങ്ങളില്‍ നടക്കുന്ന വിമര്‍ശനങ്ങളും അതിനുള്ള മറുപടികളും കോണ്‍ഗ്രസില്‍ ഒരുകാലത്തും രഹസ്യമേയല്ല. പരസ്യപ്രതികരണത്തിന് പോലും നേതാക്കള്‍ മടികാണിക്കാത്ത സംഘടനാസംവിധാനവുമാണ്. എന്നിട്ടും ഇപ്പോള്‍ എഐസിസി നേതൃത്വം അച്ചടക്കത്തിന്‍റെ വാളെടുക്കാന്‍ പ്രധാനകാരണം വിഡി സതീശന്‍റെ ഉറച്ചനിലപാട് തന്നെ. മിഷന്‍ 2025 ന്‍റെ പേരില്‍ തനിക്കെതിരെ വിമര്‍ശനം ഉന്നയിക്കുകയും അത് മാധ്യമങ്ങളെ അറിയിക്കുകയും ചെയ്തവര്‍ ഇരുട്ടിന്‍റെ സന്ധതികളാണെന്ന് സതീശന്‍ പരസ്യമായി പ്രതികരിച്ചിരുന്നു. അത്തരക്കാരെ കണ്ടെത്തി നടപടി എടുത്തില്ലെങ്കില്‍ തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ ചുമതല ഏറ്റെടുക്കില്ലെന്നും കേന്ദ്ര നേതാക്കളെ അറിയിച്ചതോടെയാണ് എഐസിസി നേതൃത്വം സമ്മര്‍ദത്തിലായത്. പാര്‍ട്ടിയെ ഹൈജാക്ക് ചെയ്യാന്‍ പ്രതിപക്ഷനേതാവ് ശ്രമിക്കുന്നുവെന്ന പരാതി കെ സുധാകരനും കേന്ദ്രനേതാക്കളെ അറിയിച്ചെങ്കിലും ഫലം കണ്ടില്ല. സതീശന്‍ സംഘടനാ വിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്ന കെപിസിസി പ്രസിഡന്‍റിന്‍റെ പരസ്യപ്രസ്താവനയിലും എഐസിസിക്ക് അതൃപ്തിയുണ്ട്.
കെപിസിസി കേന്ദ്രീകരിച്ചുള്ള ഒരു കോക്കസാണ് കെ സുധാകരനെ നിയന്ത്രിക്കുന്നതെന്ന വാദത്തിന് ബലം പകരുന്നതാണ് വാര്‍ത്ത ചോര്‍ത്തല്‍ വിവാദം. കെപിസിസി ഭാരവാഹികള്‍ മാത്രം പങ്കെടുത്ത ഓണ്‍ലൈന്‍ യോഗത്തിലെ ചര്‍ച്ച അപ്പാടെ പുറത്തുപോയത് സതീശനെതിരെ നീങ്ങുന്ന ഇതേ സംഘം വഴിയാണെന്ന സൂചനകളാണ് കേന്ദ്രനേതാക്കള്‍ക്ക് മുന്നിലുള്ളത്. പലകുറി ഒന്നിച്ചുകൊണ്ടുപോകാനുള്ള ശ്രമം നടത്തിയിട്ടും സുധാകരന്‍-സതീശന്‍ സഖ്യം വിജയം കാണാത്തതിന് പിന്നില്‍ ഒപ്പമുള്ള നേതാക്കളുടെ ഇടപെടലാണെന്ന വിവരങ്ങളും കേന്ദ്രനേതൃത്വത്തിന് മുന്നിലുണ്ട്. ഈ സാഹചര്യത്തില്‍ കുറ്റക്കാര്‍ക്കെതിരെ അച്ചടക്ക നടപടിയെടുത്ത് സതീശനെ അനുനയിപ്പിക്കാനാണ് നീക്കം. അതില്‍ പ്രധാനം അച്ചടക്കസമിതി അധ്യക്ഷനായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നല്‍കുന്ന റിപ്പോര്‍ട്ട് തന്നെയാവും.