പീഡനക്കേസ് പ്രതി സിസി സജിമോനെ CPIM ലോക്കൽ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയ തീരുമാനം; സംസ്ഥാന നേതൃത്വം റദ്ദാക്കി
പത്തനംതിട്ടയിൽ പീഡനക്കേസ് പ്രതി സി സി സജിമോനെ സിപിഐഎം ലോക്കൽ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയ തീരുമാനം റദ്ദാക്കി സംസ്ഥാന നേതൃത്വം. തിരുവല്ല ഏരിയ കമ്മിറ്റിയുടെ തീരുമാനമാണ് തിരുത്തിയത്. പ്രാഥമിക അംഗത്വം നൽകാനുള്ള കൺട്രോൾ കമ്മീഷൻ തീരുമാനം മാത്രം നടപ്പിലാക്കാനാണ് നിർദേശം.
തിരുവല്ല ഏരിയ നേതൃത്വത്തിന് കനത്ത തിരിച്ചടിയാണ് സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം. പീഡനാരോപണം അടക്കം നേരിടുന്ന സജിമോനെ പാർട്ടിയിൽ തിരിച്ചെടുക്കാം എന്നായിരുന്നു കൺട്രോൾ കമ്മീഷൻ തീരുമാനം. എന്നാൽ ഏരിയാ നേതൃത്വം ഇടപെട്ട് സജിമോനെ തിരുവല്ല ടൗൺ നോർത്ത് ലോക്കൽ കമ്മിറ്റിയിൽ ഉൾപ്പെടുത്തുകയായിരുന്നു. ഇതോടെ പാർട്ടിയിൽ പ്രശ്നമായി. ഔദ്യോഗിക നേതൃത്വത്തിനെതിരെ എതിർ ചേരി പരസ്യമായി രംഗത്തുവന്നു.
ലോക്കൽ കമ്മിറ്റിയിൽ നിന്ന് തന്നെ സംസ്ഥാന നേതൃത്വത്തിന് പരാതികളുടെ പ്രളയം. ഇതെല്ലാം കണക്കിലെടുത്താണ് കൺട്രോൾ കമ്മീഷൻ തീരുമാനത്തിൽ നിന്നും വ്യതി ചലിച്ചുകൊണ്ടുള്ള നടപടി വിലക്കിക്കൊണ്ട് കർശന നിർദ്ദേശം വന്നത്. ജില്ലാ നേതൃത്വം കഴിഞ്ഞദിവസം ഏരിയ കമ്മിറ്റി വിളിച്ച് പുതിയ തീരുമാനം റിപ്പോർട്ട് ചെയ്യുകയ്യും ചെയ്തു. സജിമോനേതിരായ കേസുകൾ വിചാരണ ഘട്ടത്തിലിരിക്കെയാണ്, പാർട്ടി അംഗത്വം പുനസ്ഥാപിച്ചത്.