സിദ്ധാർത്ഥന്റെ മരണം; ‘വൈസ് ചാൻസലർക്ക് വീഴ്ച’; അന്വേഷണ കമ്മിഷൻ റിപ്പോർട്ട് ഗവർണർക്ക് കൈമാറി
പൂക്കോട് വെറ്റിനറി സർവകലാശാലയിലെ വിദ്യാർത്ഥി സിദ്ധാർത്ഥൻ്റെ മരണത്തെക്കുറിച്ച് അന്വേഷിക്കാൻ നിയോഗിച്ച ജസ്റ്റിസ് ഹരിപ്രസാദ് കമ്മീഷൻ ഗവർണർക്ക് റിപ്പോർട്ട് സമർപ്പിച്ചു. രാജ് ഭവനിൽ എത്തിയാണ് കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ചത്. സിദ്ധാർത്ഥന്റെ മരണത്തിൽ വൈസ് ചാൻസിലർക്ക് വീഴ്ച പറ്റി എന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
പരാതി ഉയർന്നിട്ടും സമയബന്ധിതമായി വിസി നടപടി എടുത്തില്ലെന്ന് ജസ്റ്റിസ് ഹരിപ്രസാദ് കമ്മീഷൻ റിപ്പോർട്ടിൽ പറയുന്നു. വിസിയായിരുന്ന എം ആർ ശശീന്ദ്രനാഥിനെ ഗവർണർ പുറത്താക്കിയിരുന്നു. മാർച്ചിലാണ് ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റിസ് എ.ഹരിപ്രസാദിനെ അന്വേഷണ കമ്മിഷനായി ഗവർണർ നിയമിച്ചത്.
സിദ്ധാർത്ഥന്റെ മരണത്തിൽ 20 പ്രതികൾക്ക് ഉപാധികളോടെ ജാമ്യം ഹൈക്കോടതി അനുവദിച്ചിരുന്നു. റാഗിങ്, ആത്മഹത്യാപ്രേരണ, മർദനം, ഗൂഢാലോചന കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരുന്നത്. 2024 ഫെബ്രുവരി 18നാണ് സിദ്ധാർഥനെ ഹോസ്റ്റലിലെ കുളിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പ്രതികൾ പരസ്യവിചാരണ നടത്തുകയും ക്രൂരമായി മർദിക്കുകയും ചെയ്തതിനെ തുടർന്ന് സിദ്ധാർത്ഥൻ ജീവനൊടുക്കിയെന്നാണ് കേസ്.