Kerala

‘നന്നായി നീന്താൻ അറിയാവുന്ന ആളാണ്; മാലിന്യമാണ് പ്രശ്‌നമായത്’; ജോയിയുടെ ബന്ധു

Spread the love

തിരുവനന്തപുരം തമ്പാനൂർ റെയിൽവേ സ്റ്റേഷന് സമീപത്തെ ആമയിഴഞ്ചാൻ തോട് വൃത്തിയാക്കാനിറങ്ങി കാണാതായ മാരായമുട്ടം സ്വദേശി ജോയിക്കായി തെരച്ചിൽ തുടരുകയാണ്. നന്നായി നീന്താൻ അറിയാവുന്ന ആളാണ് ജോയിയെന്ന് ബന്ധു ട്വന്റിഫോറിനോട് പ്രതികരിച്ചു. മാലിന്യക്കൂമ്പാരത്തിലേക്ക് വീണതാണ് പ്രശ്നമെന്ന് ജോയിയുടെ അടുത്ത ബന്ധുക്കൾ പറ‍ഞ്ഞു.

ഇതിനേക്കാൾ കല്ലുള്ള സ്ഥാലത്ത് നിന്ന് നീന്തിക്കയറിയിട്ടുള്ള ആളാണ് ജോയിയെന്നും മാലിന്യത്തിൽപ്പെട്ടു പോയതാണ് അപകടകാരണമെന്നും ബന്ധു പറഞ്ഞു. മാലിന്യമാണ് പ്രശ്നം, ഇതിനിടയിൽ പെട്ടുപോയതാകാം എന്ന് ബന്ധുക്കൾ പറയുന്നു. എവിടെ പോയാലും ചേട്ടനെ വിളിച്ച് പറയറുണ്ടായിരുന്നു. ചേട്ടന്റെ നമ്പർ കാണാതെ അറിയാമായിരുന്നു. എവിടെയാണെങ്കിലും അദ്ദേഹത്തെ വിളിച്ചു പറയും എന്ന് ബന്ധുക്കൾ പറഞ്ഞു.

കരാർ വ്യവസ്ഥയിൽ ഇടക്ക് ജോലിക്ക് പോകാറുണ്ടായിരുന്നു. എല്ലാ പണിക്കും പോകുന്നയാളായിരുന്നു. രാവിലെ ഒരാൾ വന്ന് വിളിച്ചു. നാലരയ്ക്ക് തിരിച്ചുവരുമെന്ന് പറഞ്ഞാണ് വീട്ടിൽ നിന്ന് പോയതെന്ന് ബന്ധു പറഞ്ഞു. കഴിഞ്ഞ ദിവസവും ഇവിടെ തന്നെയാണ് ജോലിക്ക് വന്നിരുന്നത്.അന്ന് വൈകുന്നേരം നാലരയാകുമ്പോൾ എത്തിയിരുന്നതായി ബന്ധു പറഞ്ഞു. അതേസമയം ജോയിക്കായുള്ള തെരച്ചിൽ പുരോ​ഗമിക്കയാണ്. ടണൽ എക്‌സിറ്റിലെ പരിശോധന അവസാനിപ്പിച്ചു. പ്ലാറ്റ്ഫോം 4 നു സമീപത്തെ മാൻഹോളിൽ പരിശോധന നടത്താൻ ഒരുങ്ങുകയാണ് രക്ഷാദൗത്യ സംഘം. 150 മീറ്റർ ടണലിലേ 100 മീറ്റർ ഫയർഫോഴ്സ് കവർ ചെയ്തു കഴിഞ്ഞു.