Monday, January 27, 2025
World

തെരഞ്ഞെടുപ്പ് റാലിയിൽ വച്ച് ഡൊണാൾഡ് ട്രംപിന് വെടിയേറ്റു; വലത്തേ ചെവിയ്ക്ക് പരുക്ക്; അക്രമിയെ വധിച്ച് പൊലീസ്

Spread the love

മുൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ‍് ട്രംപിന് തെരഞ്ഞെടുപ്പ് റാലിയിൽ വച്ച് വെടിയേറ്റു. പ്രാദേശിക സമയം 6.15ഓടെയാണ് സംഭവം നടന്നത്. പെൻസിൽവാനിയയിലെ ബട്ലറിൽ നടന്ന റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവേയാണ് പെട്ടെന്ന് സകലരേയും ഞെട്ടിച്ചുകൊണ്ട് വെടിശബ്ദം കേട്ടത്. താഴേക്ക് മാറിവീണ ട്രംപ് ​ഗുരുതര പരുക്കുകളിൽ നിന്ന് രക്ഷപ്പെട്ടെങ്കിലും അദ്ദേഹത്തിന്റെ ചെവിയ്ക്ക് പരുക്കേറ്റു. അക്രമികളിൽ ഒരാളെ സുരക്ഷാ ഉദ്യോ​ഗസ്ഥർ വധിച്ചു. ട്രംപിന് നേരെ നടന്ന ആക്രമണത്തെ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ അപലപിച്ചു.

സംഭവത്തിന്റെ ദൃശ്യങ്ങൾ ഉൾപ്പെടെ പുറത്തെത്തിയിട്ടുണ്ട്. ട്രംപിന്റെ വലത്തേ ചെവിയിലും മുഖത്തും ചോരയൊഴുകുന്നതായി പുറത്തുവന്ന ദൃശ്യങ്ങളിൽ കാണാം. നിലവിൽ ട്രംപിന്റെ ആരോ​ഗ്യനില തൃപ്തികരമാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

വെടിവയ്പ്പിൽ റാലിയിൽ പങ്കെടുത്ത ഒരാളും അക്രമിയും കൊല്ലപ്പെട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. രഹസ്യാന്വേഷണ വിഭാഗവും ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷനും മറ്റ് ഏജൻസികളും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൊലപ്പെടുത്തുക എന്ന ഉദ്ദേശമാണ് പ്രതിയ്ക്ക് ഉണ്ടായിരുന്നതെന്നാണ് പ്രാഥമിക നി​ഗമനം.