Saturday, January 4, 2025
Latest:
Kerala

‘അഭിമാനനിമിഷം; ലോകം കേരളത്തെ ഉറ്റു നോക്കുന്നു’; മന്ത്രി വിഎൻ വാസവൻ

Spread the love

വിഴിഞ്ഞം തുറമുഖത്ത് ആദ്യ മദർഷിപ്പ് എത്തുമ്പോൾ കേരളത്തെ സംബന്ധിച്ച് ആഹ്ലാദത്തിന്റെയും അഭിമാനത്തിന്റെയും നിമിഷമെന്ന് തുറമുഖ മന്ത്രി വിഎൻ വാസവൻ. ലോകം കേരളത്തെ ഉറ്റുനോക്കുകയാണെന്നും ചരിത്രനിമിഷമാണെന്നും മന്ത്രി പറഞ്ഞു. കേരളത്തിന്റെ വികസനരംഗത്ത് വിസ്മയങ്ങൾ തീർക്കുന്ന പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുന്ന പിണറായി സർക്കാരിന്റെ തൊപ്പിയിലെ ഒരു പൊൻതൂവലാണ് ഇപ്പോൾ യാഥാർത്ഥ്യമാകുന്നതെന്ന് മന്ത്രി വിഎൻ വാസവൻ പറഞ്ഞു.

ആരുടെയും കണ്ണീര് വീഴ്ത്താതെ എല്ലാവരുടെയും പ്രശ്‌നങ്ങൾ പരിഹാരം കണ്ടുകൊണ്ടാണ് പോർട്ട് കമ്മീഷൻ ചെയ്യാൻ പോകുന്നതെന്ന് മന്ത്രി പറഞ്ഞു. 106.8 കോടി രൂപ പ്രദേശത്ത് സ്ഥലം വിട്ടു നൽകിയവർക്കും, ജോലി നഷ്ടമായവർക്കും, വിവിധ തരത്തിൽ പ്രയാസം ഉണ്ടായവർക്കും വിതരണം ചെയ്തുകഴിഞ്ഞതായി മന്ത്രി അറിയിച്ചു. കൂടാതെ ഉയർന്നുവന്ന പ്രാദേശിക പ്രശ്‌നങ്ങൾ ചർച്ചകളിലൂടെ പരിഹാരമുണ്ടാകുന്ന രീതിയിലേക്ക് എത്തിയതായി മന്ത്രി പറഞ്ഞു. കേരളത്തിന് സാമ്പത്തികപരമായും, വ്യവസായികപരമായും, വാണിജ്യപരമായും, ടൂറിസപരമായും, തൊഴിൽപരമായി വികസനത്തിന്റെ കുതിപ്പ് ഉണ്ടാക്കാൻ വിഴിഞ്ഞം വഴി കഴിയുമെന്ന് മന്ത്രി പറഞ്ഞു.

മറ്റൊരു തുറമുഖത്തിന് ലഭിക്കാത്ത പ്രകൃതിയുടെ വരദാനമാണ് വിഴിഞ്ഞം തുറമുഖം എന്ന് മന്ത്രി പറഞ്ഞു. ഏറ്റവും ശ്രദ്ധേയമായ തുറമുഖമായി വിഴിഞ്ഞം മാറുന്നു. ആദ്യം ഘട്ടം തീരുമ്പോൾ തന്നെ പ്രതിവർഷം 10 ലക്ഷം കണ്ടെയ്‌നറുകൾ കയറ്റിയിറക്കാനുള്ള സാധ്യതകളുണ്ടാവുകയാണെന്ന് മന്ത്രി പറഞ്ഞു. ഭാവിയിൽ വിഴിഞ്ഞം എല്ലാ ഘട്ടത്തിലും വിവിധ തരത്തിൽ പ്രയോജനപ്പെടുത്താൻ കഴിയുന്ന തരത്തിൽ വിഴിഞ്ഞം മാറും. ഒന്നാം ഘട്ടം കഴിഞ്ഞു. അടുത്ത ഘട്ടം ആരംഭിക്കുന്നതിനുള്ള നടപടികൾ ആംരഭിച്ചുകഴിഞ്ഞിട്ടുണ്ട്. എല്ലാ വിഭാഗം ആളുകളെയും കൂട്ടി യോജിപ്പിച്ചുകൊണ്ടാണ് വിഴിഞ്ഞത്തെ വികസന വിഷയങ്ങൾ മുന്നോട്ടു കൊണ്ടുപോകുന്നതെന്ന് മന്ത്രി വിഎൻ വാസവൻ പറഞ്ഞു.