ഗാർഹിക ജോലിക്കാരുടെ നിയമം ലംഘിച്ചു; 23 തൊഴിലുടമകൾക്ക് പിഴ, ഒമ്പത് റിക്രൂട്ട്‌മെൻറ് ഏജൻസികൾക്ക് സസ്പെൻഷൻ
റിയാദ്: ഗാർഹിക തൊഴിലാളികൾക്കായുള്ള നിയമങ്ങൾ ലംഘിച്ചതിന് സൗദി അറേബ്യയിലെ 23 തൊഴിലുടമകൾക്കെതിരെ മാനവ വിഭവശേഷി- സാമൂഹിക വികസന മന്ത്രാലയത്തിെൻറ ശിക്ഷാനടപടി. പിഴ ചുമത്തുകയും റിക്രൂട്ട്‌മെന്‍റ് നിരോധനം ഏർപ്പെടുത്തുകയും ചെയ്യുന്നതാണ് ശിക്ഷ. ഗാർഹിക തൊഴിലാളികളെ മറ്റൊരു തൊഴിലുടമക്ക് കൈമാറുക, തൊഴിലാളികളെ സ്വയംതൊഴിൽ ചെയ്യാൻ അനുവദിക്കുക, മുൻകൂട്ടി സമ്മതിച്ചിട്ടില്ലാത്ത ജോലിക്ക് അവരെ നിയോഗിക്കുക തുടങ്ങിയ ലംഘനങ്ങൾക്കാണ് ശിക്ഷാനടപടി.
കൂടാതെ റിക്രൂട്ട്‌മെന്‍റ് പ്രാക്ടീസ് ചെയ്യുന്നതിനും തൊഴിൽ സേവനങ്ങൾ നൽകുന്നതിനുമുള്ള നിയമങ്ങൾ പാലിക്കാത്തതിന് ഒമ്പത് റിക്രൂട്ട്‌മെൻറ് ഓഫീസുകളുടെ ലൈസൻസ് സസ്പെൻഡ് ചെയ്യാനും മന്ത്രാലയം തീരുമാനങ്ങൾ പുറപ്പെടുവിച്ചു. ക്ലയൻറുകളുടെ പണം റീഫണ്ട് ചെയ്യുന്നതിലെ പരാജയം, ഓഫീസുകളുമായി ഇടപെടുന്ന തൊഴിലുടമകളിൽ നിന്നുള്ള പരാതികൾ പരിഹരിക്കുന്നതിലെ പരാജയം എന്നിവ പാലിക്കാഞ്ഞതിനെ തുടർന്നാണിത്.
റിക്രൂട്ട്‌മെന്‍റ് മേഖലയിലെ തുടർച്ചയായ നിരീക്ഷണത്തിന്‍റെയും തുടർനടപടികളുടെയും ഭാഗമായാണ് ഈ നടപടിക്രമങ്ങൾ നടപ്പാക്കിയതെന്ന് മാനവ വിഭവശേഷി മന്ത്രാലയം വ്യക്തമാക്കി. റിക്രൂട്ട്‌മെൻറ് മേഖല കൂടുതൽ വികസിപ്പിക്കുന്നതിനും കൂടുതൽ സേവനങ്ങൾ നൽകുന്നതിനുമുള്ള ശ്രമങ്ങൾ തുടരുകയാണെന്നും മന്ത്രാലയം പറഞ്ഞു. റിക്രൂട്ട്‌മെൻറ് മേഖലയുമായി ബന്ധപ്പെട്ട എന്തെങ്കിലും ലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ മുസാനിദ് നമ്പറിലോ സ്‌മാർട്ട് ഫോൺ ഉപകരണങ്ങളിൽ ലഭ്യമായ മുസാനിദ് ആപ്പ് വഴിയോ റിപ്പോർട്ട് ചെയ്യാൻ മന്ത്രാലയം എല്ലാവരോടും ആഹ്വാനം ചെയ്തു.