Kerala

പുലർച്ചെ അഞ്ച് മണി, റെയിൽവേ സ്റ്റേഷന് സമീപം യുവാവിനെ കണ്ടപ്പോൾ സംശയം; കണ്ടെത്തിയത് 50 ലക്ഷത്തിന്‍റെ എംഡിഎംഎ

Spread the love

കോഴിക്കോട്: കോഴിക്കോട് റെയിൽവേ സ്റ്റേഷന് സമീപത്ത് നിന്ന് ഒരു കിലോയോളം എംഡിഎംഎ എക്സൈസ് പിടികൂടി. വയനാട് മാനന്തവാടി വെള്ളമുണ്ട സ്വദേശി ഇസ്മായില്‍ എം (27) ആണ് അറസ്റ്റിലായത്. 50 ലക്ഷം രൂപയോളം വിലമതിക്കുന്ന മയക്കുമരുന്നാണിത്. കോഴിക്കോട് എക്സൈസ് നര്‍ക്കോട്ടിക്ക് സ്പെഷ്യല്‍ സ്‌ക്വാഡാണ് കേസ് എടുത്തത്. സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഗിരീഷ് കുമാറും സംഘവും നടത്തിയ റെയ്‌ഡിൽ പുലർച്ചെ അഞ്ച് മണിക്കാണ് ഇയാൾ പിടിയിലായത്. ദില്ലിയിൽ നിന്ന് കോഴിക്കോട്ടേക്ക് കൊണ്ടു വന്ന മയക്കുമരുന്നാണ് പിടിച്ചെടുത്തിട്ടുള്ളതെന്ന് എക്സൈസ് അറിയിച്ചു.

അതേസമയം, എറണാകുളത്ത് അന്യസംസ്ഥാന തൊഴിലാളികളായ രണ്ടു പേർ കഞ്ചാവ് വിൽപ്പനയുമായി ബന്ധപ്പെട്ട് അറസ്റ്റിലായിരുന്നു. ഒഡീഷ സ്വദേശികളായ ആഷിഷ് ഡിഗൽ, ബുൾസൺ ഡിഗൽ എന്നിവരെയാണ് സ്പെഷ്യൽ സ്‌ക്വാഡ് ഇൻസ്‌പെക്ടർ കെ പി പ്രമോദിന്റെ നേതൃത്വത്തിൽ പിടികൂടിയത്. ഇവരിൽ നിന്ന് 1.938 കിലോഗ്രം കഞ്ചാവ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

എക്‌സൈസ് ഉദ്യോഗസ്ഥരെ കണ്ടു ഭയന്ന് പ്രതികൾ ചെളി നിറഞ്ഞ പാടത്തേക്ക് ഇറങ്ങി ഓടി രക്ഷപെടാൻ ശ്രമിച്ചെങ്കിലും എക്സൈസ് സംഘം സാഹസികമായി ഇവരെ കീഴ്പ്പെടുത്തുകയായിരുന്നു. വൻതോതിൽ കഞ്ചാവ് വാങ്ങി ചെറിയ പൊതികളിലാക്കി അന്യസംസ്ഥാന തൊഴിലാളികൾക്കും, യുവാക്കൾക്കും വില്പന നടത്തുന്നവരാണ് ഇവർ. എക്സൈസ് കമ്മീഷണറുടെ മധ്യമേഖലാ സ്‌ക്വാഡ് അംഗം അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) ഒ. എൻ. അജയകുമാറിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയിഡ് നടത്തിയത്.

അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ(ഗ്രേഡ് ) എസ്.രാജീവ്, പ്രിവന്റീവ് ഓഫീസർ സി. പി.ജിനീഷ് കുമാർ, പ്രിവന്റീവ് ഓഫീസർ (ഗ്രേഡ് ) ടി. എസ്. പ്രതീഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ ബി അജിത്ത്, സിദ്ധാർത്ഥ (കമ്മീഷണർ സ്‌ക്വാഡ് അംഗങ്ങൾ), സിവിൽ എക്സൈസ് ഓഫീസർ ആർ.കാർത്തിക്, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർമാരായ ദീപക്, ബദർ എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.