Kerala

കലയെ കൊന്ന് കുഴിച്ചുമൂടി; മാന്നാർ തിരോധാന കേസിൽ നിർണായകമായത് പൊലീസിന് ലഭിച്ച ഊമക്കത്ത്‌

Spread the love

മാന്നാറിൽ യുവതിയെ കാണാതായ സംഭവത്തിൽ നിർണായകമായത് പൊലീസിന് ലഭിച്ച ഊമക്കത്ത്‌. രണ്ടാഴ്ച മുൻപായിരുന്നു പൊലീസ് കേസ് സംബന്ധിച്ച് ഊമക്കത്ത് ലഭിച്ചത്. ബന്ധുക്കളിൽ ഒരാളാണ് ഊമക്കത്തിലൂടെ കൊലപാതക വിവരം പുറത്തുവിട്ടത്. ഊമക്കത്ത് എഴുതിയത് നിലവിൽ കസ്റ്റഡിയിലുള്ള ആളുടെ ഭാര്യ എന്ന് സൂചനയുണ്ട്. പൊലീസിന് രണ്ട് ഊമക്കത്തുകളാണ് ലഭിച്ചത്.

അനില്‍ കുമാറിന്റെ ജ്യേഷ്ഠന്റെ മകന്റെ ഭാരയാണ് ഊമക്കത്ത് അയച്ചിരിക്കുന്നതെന്നാണ് പ്രാഥമിക വിവരം. കലയെ കൊന്നത് പോലെ സെപ്റ്റിക് ടാങ്കില്‍ തള്ളുമെന്ന് ഭാര്യയെ ഇയാള്‍ ഭീഷണിപ്പെടുത്തിയിരുന്നു. തുടര്‍ന്ന് ജില്ലാ പൊലീസ് മേധാവിക്ക് ഊമക്കത്ത് അയക്കുകയായിരുന്നു. 15 വർഷം മുൻപാണ് കലയെന്ന യുവതിയെ കാണാതായത്. കലയെ കൊന്ന് വീടിന്റെ സെപ്റ്റിക്ക് ടാങ്കിൽ മറവ് ചെയ്തെന്നായിരുന്നു ലഭിച്ച വിവരം.

സെപ്റ്റിക് ടാങ്കിൽ നടത്തിയ പരിശോധനയിൽ മൃതദേഹാവശിഷ്ടം കണ്ടെത്തിയിട്ടുണ്ട്. മൃതദേഹാവശിഷ്ടം പരിശോധനക്ക് അയക്കും. കലയുടേത് തന്നെയെന്ന് സ്ഥിരീകരിക്കേണ്ടതുണ്ട്. സംഭവത്തിൽ കലയുടെ ഭർത്താവ് അനിൽ‌ കുമാറിന്റെ ബന്ധുക്കളാണ് കസ്റ്റഡിയിലുള്ളത്. അനിൽകുമാറിന്റെ കാറിൽ കലയുടെ മൃതദേഹം കണ്ടതായും മൃതദേഹം മറവ് ചെയ്യാൻ സഹായിച്ചെന്നും കസ്റ്റഡിയിലുള്ളവർ നൽകിയ മൊഴി.

കലയെ തുണി കഴുത്തിൽ ചുറ്റി കൊലപ്പെടുത്തിയെന്നാണ് പൊലീസിന് കസ്റ്റഡിയിലുള്ളവർ മൊഴിനൽകിയത്. കലയെ കാണാതായി എന്ന് പറ‍യുന്നതിന് രണ്ട് മാസത്തിന് ശേഷം ഭർത്താവ് അനിൽ കുമാർ മറ്റൊരു വിവാഹം കഴിച്ചു. അനിൽ കുമാർ നിലവിൽ ഇസ്രായേലിലാണ്. ഇയാളെ ഉടൻ നാട്ടിലെത്തിക്കും. കല മറ്റൊരാളുടെ കൂടെ പോയെന്നായിരുന്നു അനിൽകുമാർ കലയുടെ ബന്ധുക്കളോട് പറഞ്ഞിരുന്നത്.