കരാർ ലംഘിച്ചെന്ന പരാതി; DGPയുടെ ഭാര്യയുടെ പേരിലുള്ള ഭൂമി ജപ്തി ചെയ്തു; കരാർ എഴുതിയത് ഒു വർഷം മുൻപെന്ന് പരാതിക്കാരൻ
ഡിജിപി ഷേഖ് ദർവേഷ് സാഹിബിന്റെ ഭാര്യയുടെ പേരിലുള്ള 10.5 സെന്റ് ഭൂമി ജപ്തി ചെയ്ത് കോടതി. ഭൂമി വിൽക്കാൻ മുൻകൂർ പണം വാങ്ങിയ ശേഷം കരാർ ലംഘിച്ചെന്ന പരാതിയിലാണ് നടപടി. മുൻകൂർ വാങ്ങിയ തുക തിരികെ നൽകിയാൽ ജപ്തി ഒഴിവാക്കും. കരാർ ലംഘനമുണ്ടായിട്ടില്ലെന്നാണ് ഷേഖ് ദർവേഷ് സാഹിബിന്റെ വിശദീകരണം.
2023 ജൂൺ 22നാണ് തിരുവനന്തപുരം വഴുതക്കാട് സ്വദേശിയായ ഉമ്മർ ഷെരീഫ് ഡിജിപിയുടെ ഭാര്യ ഫരീദ ഫാത്തിമയുടെ പേരിലുള്ള സ്ഥലം വാങ്ങാൻ കരാറുണ്ടാക്കിയത്. 10.5 സെന്റ് വസ്തു 74 ലക്ഷം രൂപയ്ക്ക് വാങ്ങാനായിരുന്നു കരാർ. രണ്ടു മാസത്തിനകം സ്ഥലം രജിസ്റ്റർ ചെയ്ത് നൽകണമെന്നായിരുന്നു ധാരണ. അഡ്വാൻസ് ആയി 30 ലക്ഷം രൂപ ഡിജിപിക്ക് നൽകി. 25 ലക്ഷം രൂപ ബാങ്ക് മുഖേനയും, 5 ലക്ഷം രൂപ പണമായി ഡിജിപിയുടെ ഓഫീസിലും എത്തിച്ചു.
എന്നാൽ കൂടുതൽ തുക ഡിജിപി ആവശ്യപ്പെട്ടതോടെ പരാതിക്കാരൻ ഭൂമിയുടെ ആധാരം കാണണമെന്ന് ആവശ്യപ്പെട്ടു. തുടർന്ന് ഉമ്മർ ഷെരീഫ് നടത്തിയ അന്വേഷണത്തിലാണ് എസ് ബി ഐ ബാങ്കിൽ 26 ലക്ഷം രൂപയുടെ ബാധ്യത ഈ സ്ഥലത്തിനുണ്ടെന്ന് കണ്ടെത്തിയത്. ഇതോടെ തനിക്ക് സ്ഥലം വേണ്ടെന്നും അഡ്വാൻസ് നൽകിയ തുക തിരിച്ചുവേണമെന്നും ഡിജിപിയോട് ആവശ്യപ്പെട്ടു. അഡ്വാൻസ് പണം തന്ന ശേഷം കരാറുകാരൻ ഭൂമിയിൽ മതിൽ കെട്ടിയെന്നും മൂന്നു മാസം കഴിഞ്ഞിട്ടും മുഴുവൻ പണം നൽകാതെ അഡ്വാൻസ് തിരികെ ചോദിച്ചുവെന്നുമാണ് ഷേഖ് ദർവേഷ് സാഹിബിന്റെ പ്രതികരണം. ഭൂമി വിറ്റിട്ട് പണം നൽകാമെന്ന് അറിയിച്ചുവെന്നും ഡിജിപി ഇറക്കിയ വിശദീകരണക്കുറിപ്പിൽ പറയുന്നു.
എന്നാൽ ഇത് പരാതിക്കാരൻ നിഷേധിച്ചു. ഭൂമിക്ക് ബാധ്യത ഇല്ലെന്നാണ് കരാറിൽ പറഞ്ഞിരുന്നത്. സ്ഥലത്ത് മതിൽ കെട്ടിയത് ഡിജിപിയെ അറിയിച്ചശേഷം എന്നും ഉമ്മർ ശരീഫ് പറഞ്ഞു. മെയ് 28 നാണ് ഉമർശരീഫിന്റെ പരാതിയിൽ തിരുവനന്തപുരം അഡീഷണൽ സബ് കോടതി ജപ്തി ചെയ്തത്. അഡ്വാൻസ് തുക പലിശ സഹിതം തിരിച്ചു നൽകിയാൽ ജപ്തി ഒഴിവാക്കാം എന്ന വ്യവസ്ഥയോടെയാണ് കോടതി നടപടി.