സ്വർണക്കടത്ത് സംഘവുമായി ബന്ധം; കണ്ണൂരിൽ സിപിഐഎം അംഗത്തെ പുറത്താക്കി
സ്വർണക്കടത്ത് സംഘവുമായുള്ള ബന്ധത്തെ തുടർന്ന് കണ്ണൂരിൽ സിപിഐഎം അംഗത്തെ പുറത്താക്കി. പെരിങ്ങോം എരമം സെൻട്രൽ ബ്രാഞ്ച് അംഗം സജേഷിനെയാണ് പുറത്താക്കിയത്. രണ്ട് മാസം മുൻപാണ് നടപടിയെടുത്തത്. ഇത് സംബന്ധിച്ച് വിവരം ഇപ്പോഴാണ് പുറത്തുവരുന്നത്. സ്വർണക്കടത്ത് ക്വട്ടേഷൻ കേസ് പ്രതി അർജുൻ ആയങ്കിയും സംഘത്തിലുണ്ടായിരുന്നു.
കാനായിൽ സ്വർണം പൊട്ടിക്കാൻ എത്തിയപ്പോൾ സജേഷും ഉണ്ടായിരുന്നു. സംഭവത്തിൽ നാട്ടുകാർ ഇയാളെ പിടികൂടിയിരുന്നു. ഡിവൈഎഫ്ഐ എരമം സെൻട്രൽ മേഖല അംഗം കൂടിയാണ് സജേഷ്. നടപടി സംബന്ധിച്ച് സിപിഐഎം പുറത്തുവിട്ടിരുന്നില്ല. സ്വർണം പൊട്ടിക്കലുമായി പാർട്ടി അംഗങ്ങളുടെ ബന്ധം സംബന്ധിച്ച് രാഷ്ട്രീയ ചർച്ചകൾ കൊഴുക്കുന്നതിനിടെയാണ് പാർട്ടി അംഗത്തെ പുറത്താക്കിയെന്ന് വിവരം പുറത്തുവരുന്നത്.
കാനായിൽ സ്വർണം പൊട്ടിക്കാൻ ഒരു സംഘം എത്തുകയും ഇരു വിഭാഗങ്ങളുമായി സംഘർഷത്തിലേക്ക് നീങ്ങുകയും ചെയ്തിരുന്നു. ഇതിൽ സജേഷിന് പങ്കാളിത്തമുണ്ടെന്ന് കണ്ടെത്തുകയും പാർട്ടിയുടെ മുന്നിൽ പരാതി എത്തുകയും ചെയ്തിരുന്നു. അർജുൻ ആയങ്കിയുടെ സംഘത്തിനൊപ്പമായിരുന്നു പാർട്ടി അംഗവും ഉണ്ടായിരുന്നത്.
പാർട്ടിവിട്ട മനു തോമസിന്റെ ഉന്നയിച്ച ആരോപണങ്ങളിൽ സിപിഐഎം പ്രതിരോധിത്തിലായിരുന്നു. ക്വട്ടേഷൻ, സ്വർണക്കടത്ത് സംഘങ്ങൾക്ക് പാർട്ടിയുമായി ബന്ധമുണ്ടെന്ന ഗുരുതരമായ ആരോപണങ്ങൾ പാർട്ടിയിൽ നിന്ന് പുറത്തുവന്ന ശേഷം മനു തോമസ് ഉന്നയിച്ചിരുന്നു.അർജുൻ ആയങ്കിയ്ക്കും ആകാശ് തില്ലങ്കേരിയ്ക്കുമൊക്കെ ഒരുഘട്ടത്തിൽ പാർട്ടിയിൽ നിന്ന് സഹായം ലഭിച്ചിട്ടുണ്ടെന്ന് മനു തോമസ് വെളിപ്പെടുത്തിയിരുന്നു.