‘ഉന്നതപദവിയിലിരുന്ന് പാർട്ടിയെ പ്രതിസന്ധിയിലാക്കി; ഗ്രൂപ്പ് ഉണ്ടാക്കാൻ ശ്രമിച്ചു’; പി ജയരാജനെതിരെ മനു തോമസ്
സിപിഐഎം നേതാവ് പി ജയരാജനെതിരെ തുറന്നടിച്ച് മുൻ കണ്ണൂർ ജില്ലാ കമ്മിറ്റിയംഗം മനു തോമസ്. ഉന്നത പദവിയിലിരുന്ന് പാർട്ടിയെ പ്രതിസന്ധിയിൽ ആക്കിയ ആളാണ് പി ജയരാജൻ എന്ന് മനു തോമസ് പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു വിമർശനം. ക്വാറി മുതലാളിക്ക് വേണ്ടി മലയോരത്ത് പാർട്ടി ഏരിയ സെക്രട്ടറിയെ വരെ പി ജയരാജൻ മാറ്റിയിരുന്നതായി ഫേസ്ബുക്ക് പോസ്റ്റിൽ മനു തോമസ് പറയുന്നു.
പി ജയരാജന്റെ ഇന്നത്തെ അവസ്ഥ ദയനീയമാണെന്ന് മനു തോമസ് ഫേസ്ബുക്കിൽ കുറിച്ചു. വിദേശത്തും സ്വദേശത്തും മകനെയും ക്വട്ടേഷൻകാരെയും ഉപയോഗിച്ച് കെട്ടിപൊക്കിയ കോപ്പി കച്ചവടങ്ങളുണ്ടെന്നും മനു തോമസ് പറയുന്നു. തനിക്ക് ഒന്നും മറച്ചുവെക്കാനില്ലെന്ന് പറഞ്ഞ മനു തോമസ് പാർട്ടിയിൽ പുതിയ ഗ്രൂപ്പ് ഉണ്ടാക്കാൻ പി ജയരാജൻ ശ്രമിച്ചതായും വെളിപ്പെടുത്തി.
സിപിഐഎം നേതൃത്വത്തിനെതിരെ തുറന്നടിച്ച് കഴിഞ്ഞദിവസം മനു തോമസ് പാർട്ടി വിട്ടിരുന്നു. പാർട്ടി പ്രവർത്തനം അവസാനിപ്പിച്ചത് മനസ് മടുത്തത് കൊണ്ടാണെന്നായിരുന്നു മനു തോമസ് പറഞ്ഞിരുന്നത്. സ്വർണക്കടത്ത്, ക്വട്ടേഷൻ സംഘങ്ങൾക്ക് സിപിഐഎമ്മിൽ നിന്ന് സഹായം ലഭിച്ചിരുന്നതായി മനു തോമസ് പറഞ്ഞിരുന്നു. ഡിവൈഎഫ്‌ഐയുടെ ഏറ്റവും ശക്തമായ കണ്ണൂർ യൂണിറ്റിന്റെ പ്രസിഡന്റായും സിപിഐഎമ്മിന്റെ കണ്ണൂർ ജില്ലാ കമ്മിറ്റിയംഗമായും തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായും പ്രവർത്തിരുന്ന യുവ നേതാവായിരുന്നു മനു തോമസ്.