National

54ന്റെ നിറവിൽ രാഹുൽ ​ഗാന്ധി; കോൺഗ്രസിന് പുതുജീവൻ നൽകിയതിന്റെ ആത്മവിശ്വാസത്തിൽ നേതാവ്

Spread the love

രാഹുൽ ഗാന്ധിക്ക് ഇന്ന് 54-ാം പിറന്നാൾ. കോൺഗ്രസിന് പുതുജീവൻ നൽകിയതിന്റെ ആത്മവിശ്വാസത്തിൽ, ലോക്സഭയിൽ പ്രതിപക്ഷ നേതാവാകാൻ ഒരുങ്ങുകയാണ് രാഹുൽ. സുപ്രധാനമായൊരു അധ്യായം തുടങ്ങാൻ പോകുന്നു. രാഹുൽ ഗാന്ധിയുടെ പൊതുജീവിതത്തിൽ ആത്മീയതലങ്ങളുള്ള ഒരന്വേഷണത്തിന്റെ ആഴവും ഇന്ത്യയുടെ ധാർമ്മികതയുമായി ഇണങ്ങിച്ചേരാനുള്ള ത്വരയും പ്രകടമാണ്. അധികാര രാഷ്ട്രീയത്തിന്റെ ആരവങ്ങൾക്കിടയിൽ രാഹുലിന്റെ ശബ്ദം പ്രത്യാശയുടെ പ്രകാശമായി കാണുന്നവർ അനേകമാണ്.

രാഹുൽ കന്യാകുമാരി മുതൽ കാശ്മീർ വരെ നടത്തിയ ‘ഭാരത് ജോഡോ യാത്രയും മണിപ്പൂരിൽ നിന്ന് നടത്തിയ ഭാരത് ജോഡോ ന്യായ് യാത്രയും കോൺഗ്രസിന് പുതുജീവൻ നൽകി. 2004 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ അമേഠി മണ്ഡലത്തിൽ മത്സരിച്ചു ജയിച്ച രാഹുൽ നാല് തവണ എംപിയായി. 2004-ൽ കോൺഗ്രസ് നേതൃത്വത്തിലുള്ള യു പി എ സർക്കാർ അധികാരത്തിലെത്തിയെങ്കിലും രാഹുൽ സർക്കാരിന്റെ ഭാഗമാകാതെ പാർട്ടിക്ക് വേണ്ടി പ്രവർത്തിച്ചു.

2007-ൽ കോൺഗ്രസിന്റെ ജനറൽ സെക്രട്ടറിയായി. 2009-ൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് 200-ലധികം സീറ്റുകൾ നേടിയപ്പോൾ, രാഹുൽ പ്രധാനമന്ത്രിയാകണമെന്ന ആവശ്യം പാർട്ടിക്കുള്ളിൽ ഉയർന്നെങ്കിലും അധികാരരാഷ്ട്രീയത്തിൽ നിന്ന് വിട്ടുനിന്നു. 2013ൽ കോൺഗ്രസ് വൈസ് പ്രസിഡന്റും 2017-ൽ കോൺഗ്രസ് അധ്യക്ഷനുമായി. ഒരു വർഷത്തിനുള്ളിൽ, രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഡ് എന്നീ മൂന്ന് നിയമസഭാ തെരഞ്ഞെടുപ്പുകൾ കോൺഗ്രസ് തൂത്തുവാരി.

2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ രാഹുൽ വയനാട്ടിൽ നിന്ന് വലിയ ഭൂരിപക്ഷത്തിൽ ജയിച്ചെങ്കിലും അമേഠിയിൽ തോറ്റു. കോൺഗ്രസിനും അടിപതറി. രാഹുൽ കോൺഗ്രസ് അധ്യക്ഷസ്ഥാനം രാജിവച്ചു. 2024-ൽ വയനാട് രാഹുലിനെ വീണ്ടും ചേർത്തുപിടിച്ചു. രണ്ടാമത് മത്സരിച്ച ജയിച്ച റായ്ബറേലി നിലനിർത്താനാണ് രാഹുലിന്റെ തീരുമാനം.

രാജ്യത്തിനായി രക്തസാക്ഷിത്വം വരിച്ച മുത്തശ്ശി ഇന്ദിരാഗാന്ധിയുടെയും അച്ഛൻ രാജീവ് ഗാന്ധിയുടെയും പിന്മുറക്കാരനായ രാഹുൽ ഗാന്ധിയോട് ഇന്ത്യൻ ജനതയ്ക്ക് രാഷ്ട്രീയത്തിനപ്പുറമുള്ള അടുപ്പമുണ്ട്. ഉയർച്ച താഴ്ചകളിലൂടെയുള്ള യാത്രയിൽ രാഹുൽ ഗാന്ധി കൂടുതൽ ജനപ്രിയനാകുന്നു.